| Friday, 18th October 2024, 5:18 pm

മോഹന്‍ലാലും ആ നടനുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍ ഞാന്‍ എപ്പോഴും രസിച്ച് ചെയ്യുന്ന ഒന്നാണ്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍ – സിബി മലയില്‍ എന്നിവരുടേത്. ദശരഥം, ഭരതം, കിരീടം, ചെങ്കോല്‍, ദേവദൂതന്‍, സദയം തുടങ്ങിയ ചിത്രങ്ങള്‍ ഈ കോമ്പോയിലൂടെ പുറത്തിറങ്ങിയവയാണ്. ഈ കോമ്പോയില്‍ വന്ന മിക്ക സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള നടനാണ് നെടുമുടി വേണു. ദശരഥത്തിലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലുമെല്ലാം നെടുമുടി വേണു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

മോഹന്‍ലാലും നെടുമുടി വേണുവുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ താന്‍ എപ്പോഴും രസിച്ച് ഷൂട്ട് ചെയ്യുന്ന ഒന്നാണെന്ന് പറയുകയാണ് സിബി മലയില്‍. ഭരതത്തിലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലും ദശരഥത്തിലുമെല്ലാം മോഹന്‍ലാലും നെടുമുടി വേണുവുമുള്ള സീനുകള്‍ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണെന്ന് സിബി മലയില്‍ പറഞ്ഞു. അവര്‍ രണ്ടുപേരും തമ്മില്‍ പെര്‍ഫോമന്‍സിലുള്ള കൊടുക്കല്‍ വാങ്ങലിലാണ് ആ സീനിന്റെ ഭംഗിയെന്നും സിബി കൂട്ടിച്ചേര്‍ത്തു.

ധനം എന്ന സിനിമയില്‍ താരതമ്യേന ചെറിയ വേഷമാണെങ്കില്‍ കൂടി നെടുമുടി വേണു തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ആ കഥാപാത്രത്തോട് മാക്‌സിമം വെറുപ്പ് ഉണ്ടാക്കിയെടുത്തെന്നും സിബി മലയില്‍ പറഞ്ഞു. അത്തരത്തിലുള്ള കഥാപാത്രത്തെ കിട്ടിയാല്‍ എത്രത്തോളം വെറുപ്പ് ഉണ്ടാക്കാന്‍ കഴിയുമോ അത്രത്തോളം വെറുപ്പുണ്ടാക്കുമെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലും വേണുച്ചേട്ടനുമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഞാന്‍ എപ്പോഴും രസിച്ചുചെയ്യുന്ന ഒന്നാണ്. അതിപ്പോള്‍ ഭരതത്തിലായാലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലായാലും ദശരഥത്തിലായാലും. അവര്‍ രണ്ടുപേരും തമ്മില്‍ പെര്‍ഫോമന്‍സിലുള്ള കൊടുക്കല്‍ വാങ്ങല്‍ കാണാന്‍ തന്നെ പ്രത്യേക രസമാണ്. അതുതന്നെയാണ് ആ സീനിന്റെ വിജയവും.

വേണുച്ചേട്ടന്‍ ചെയ്ത വേഷങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് ധനത്തിലെ പൊലീസ് ഓഫീസറുടെ വേഷം. വളരെ ചെറിയൊരു റോളാണ്. പക്ഷേ എത്രമാത്രം വഷളനായി അവതരിപ്പിക്കാന്‍ പറ്റുമോ അതിന്റെ മാക്‌സിമത്തില്‍ വേണുച്ചേട്ടന്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ കിട്ടിയാല്‍ പുള്ളിയുടെ സ്വഭാവം അതാണ്. അദ്ദേഹത്തെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ നമുക്ക് തരുന്ന കംഫര്‍ട്ട് സ്‌പെയ്‌സ് കാരണമാണ് നമുക്ക് അത്തരം സീനുകള്‍ ആലോചിക്കാന്‍ പറ്റുന്നത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about the combination scenes of Mohanlal and Nedumudi Venu

We use cookies to give you the best possible experience. Learn more