Entertainment
ഞാനന്ന് കുറച്ചുകൂടെ മാര്‍ക്ക് കൊടുത്തിരുന്നുവെങ്കില്‍ അത്രയും അവാര്‍ഡ് കൂടി കിട്ടിയേനെ എന്ന് ലാല്‍ ചിന്തിക്കുന്നുണ്ടാകും: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 10, 09:55 am
Wednesday, 10th July 2024, 3:25 pm

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറി പിന്നീട് മലയാളസിനിമയിലെ ഏറ്റവും വലിയ താരമായി മാറാന്‍ മോഹന്‍ലാലിന് സാധിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഓഡിഷന് പങ്കെടുത്തപ്പോള്‍ മാര്‍ക്കിടാന്‍ ഉണ്ടായിരുന്നവരില്‍ സിബി മലയിലും ഉണ്ടായിരുന്നു.

വെറും രണ്ട് മാര്‍ക്കാണ് മോഹന്‍ലാലിന്റെ അഭിനയത്തിന് സിബി നല്‍കിയത്. എന്നാല്‍ കാലത്തിന്റെ കാവ്യനീതി പോലെ സിബി മലയിലിന്റെ സിനിമകളിലൂടെ രണ്ട് ദേശീയ അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ദേവദൂതന്റെ റീ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഓഡിഷനുമായി ബന്ധപ്പെട്ട് സിബി മലയില്‍ നടത്തിയ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അന്ന് ഓഡിഷന്റെ സമയത്ത് രണ്ട് മാര്‍ക്കേ കൊടുത്തുള്ളൂവെങ്കിലും പിന്നീട് അത് രണ്ട് നാഷണല്‍ അവാര്‍ഡായി മോഹന്‍ലാലിന്റെ കൈകളിലേക്കെത്തിയിട്ടുണ്ട്. അന്ന് താന്‍ കുറച്ചുകൂടെ മാര്‍ക്ക് കൊടുത്തിരുന്നുവെങ്കില്‍ അത്രയും അവാര്‍ഡ് കൂടി കിട്ടിയേനെ എന്ന് മോഹന്‍ലാല്‍ ചിന്തിക്കുന്നുണ്ടാകും എന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

‘അന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഓഡിഷന് വെറും രണ്ട് മാര്‍ക്കാണ് ഞാന്‍ ലാലിന് കൊടുത്തത്. പിന്നീട് ആ രണ്ട് മാര്‍ക്ക് രണ്ട് നാഷണല്‍ അവാര്‍ഡായി മോഹന്‍ലാലിന്റെ കൈകളിലേക്കെത്തിയിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ ചിന്തിക്കുന്നുണ്ടാകും, അന്ന് ഞാന്‍ അഞ്ചോ ആറോ മാര്‍ക്ക് തന്നിരുന്നെങ്കില്‍ എന്ന്. അത്രയും അവാര്‍ഡ് കൂടി കൈയിലിരിക്കുമല്ലോ,’ സിബി മലയില്‍ പറഞ്ഞു.

പഴയസിനിമകള്‍ റീമാസ്റ്റര്‍ ചെയത് തിയേറ്ററിലെത്തിക്കുന്ന ട്രെന്‍ഡിനൊപ്പം മലയാളസിനിമയും സഞ്ചരിക്കുകയാണ്. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകര്‍ കൈയൊഴിയുകയും വര്‍ഷങ്ങള്‍ക്കിപ്പുറം ക്ലാസിക്കെന്ന വിശേഷണം ലഭിക്കുകയും ചെയ്ത ചിത്രമാണ് ദേവദൂതന്‍. 4k യില്‍ റീമാസ്റ്റര്‍ ചെയ്ത് ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിശാല്‍ കൃഷ്ണമൂര്‍ത്തി ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്.

Content Highlight: Sibi Malayil about the audition of Manjil Virinja Pookkal and Mohanlal