| Friday, 26th July 2024, 12:28 pm

ഞാനെന്ന സംവിധായകന് ദിശാബോധം നല്‍കിയത് ആ മമ്മൂട്ടി ചിത്രമാണ്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ദിശാബോധം നല്‍കിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. ലോഹിതദാസുമായി ആദ്യമായി ഒന്നിച്ച തനിയാവര്‍ത്തനമാണ് ആ സിനിമയെന്ന് സിബി മലയില്‍ പറഞ്ഞു. തനിയാവര്‍ത്തനത്തിന് ശേഷമാണ് പ്രേക്ഷകര്‍ക്ക് ഏത് തരത്തിലുള്ള സിനിമകള്‍ നല്‍കണമെന്ന ബോധ്യം തനിക്ക് ഉണ്ടായതെന്നും സിബി മലയില്‍ പറഞ്ഞു.

മമ്മൂട്ടി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ച സിനിമയാണ് അതെന്നും ആദ്യം ആ കഥ കേട്ടപ്പോള്‍ തനിക്ക് അത് വര്‍ക്കാകുമെന്ന് തോന്നിയില്ലെന്നും സിബി മലയില്‍ പറഞ്ഞു. എന്നാല്‍ ലോഹിതദാസ് ആ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ മമ്മൂട്ടിയല്ലാതെ മറ്റാര്‍ക്കും ആ സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് ഉറപ്പായെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘സംവിധായകനെന്ന നിലയില്‍ എനിക്ക് ഒരു ദിശാബോധം തന്ന സിനിമയാണ് തനിയാവര്‍ത്തനം. അതിന് മുമ്പ് ഞാന്‍ മൂന്നുനാല് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിലൊരെണ്ണത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പക്ഷേ തനിയാവര്‍ത്തനം എന്ന സിനിമക്ക് ശേഷമാണ് പ്രേക്ഷകര്‍ക്ക് ഏത് തരത്തിലുള്ള സിനിമകളാണ് നല്‍കേണ്ടതെന്ന ബോധ്യം എനിക്ക് ഉണ്ടായത്.

ലോഹിതദാസ് എന്ന എഴുത്തുകാരന്‍ എന്നില്‍ ഉണ്ടാക്കിയ സ്വാധീനമാണ് അത്. മമ്മൂട്ടിയുടെ നിര്‍ബന്ധം കാരണമാണ് ഞാന്‍ തനിയാവര്‍ത്തനത്തിന്റെ കഥ ആദ്യം കേട്ടത്. ആ കഥ കേട്ടപ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നാണ് തോന്നിയത്. പിന്നീട് ലോഹി ആ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി കണ്ടപ്പോള്‍ മമ്മൂട്ടിയല്ലാതെ വേറെ ആരെയും എനിക്ക് സങ്കല്‍പിക്കാന്‍ പറ്റാത്ത അവസ്ഥയായി,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Thaniyavarthanam movie and Mammootty

We use cookies to give you the best possible experience. Learn more