| Wednesday, 11th September 2024, 10:50 am

അവർക്ക് ഒരു ആക്ഷൻ സിനിമയായിരുന്നു വേണ്ടത്, പക്ഷെ മോഹൻലാൽ തോറ്റപ്പോഴാണ് പടം സൂപ്പർ ഹിറ്റായത്: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതാദാസ് ആയിരുന്നു.

സാഹചര്യങ്ങളാൽ സ്വന്തം ജീവിതം തകർന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. അത് തന്നെയാണ് കിരീടത്തെ ഇന്നും പ്രേക്ഷക മനസിൽ പിടിച്ചുനിർത്തുന്നതും.

ഒരാളുടെ തോൽവിയിൽ മലയാളികൾ കരഞ്ഞിട്ടുണ്ടെങ്കിൽ അത് സേതുമാധവനെ ഓർത്താണെന്നും കിരീടം തനിക്കൊരു നാഴികക്കല്ലായിരുന്നുവെന്നും സിബി മലയിൽ പറയുന്നു. എന്നാൽ വിതരണക്കാർ കിരീടത്തെ ഒരു ആക്ഷൻ സിനിമയായിട്ടാണ് കണ്ടതെന്നും അതിനായി ചില മാറ്റങ്ങൾ വരുത്താൻ അവർ പറഞ്ഞെന്നും സിബി മലയിൽ പറയുന്നു. എന്നാൽ തന്റെ നായകൻ തോൽക്കുന്നവനാണെന്ന് ലോഹിതദാസ് പറഞ്ഞെന്നും സിബി പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരാളുടെ തോൽവിയിൽ മലയാളികൾ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കിൽ അത് സേതുമാധവനെ ഓർത്തിട്ടാകാം. പ്രതീക്ഷകളുടെയും ‌സ്നേഹത്തിൻ്റെയും തണലിടങ്ങളിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തിയ കിരീടത്തിലെ സേതുമാധവൻ.

കിരീടം എനിക്കൊരു നാഴികക്കല്ലായിരുന്നു. കിരീടം റിലീസ് ചെയ്യുന്ന സമയത്ത് ഞാൻ ദശരഥത്തിൻ്റെ ലൊക്കേഷനിലായിരുന്നു. കിരീടം ഹിറ്റായെന്നറിയുന്നത് ആ ലൊക്കേഷനിൽവെച്ചാണ്. വിജയാഘോഷങ്ങൾ ഞാൻ കേട്ടറിയുകയായിരുന്നു.

വിതരണക്കാർ കിരീടത്തെ ആക്ഷൻ സിനിമയായാണ് കണ്ടത്. അതിനൊത്ത ചില മാറ്റങ്ങൾ അവർ ആവശ്യപ്പെടുകയും ചെയ്‌തു. ക്ലൈമാക്സിൽ കത്തിയെടുത്ത് അലറിവിളിക്കുന്ന വിജയിച്ച നായകനെയായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. പക്ഷേ, ലോഹി ഉറപ്പിച്ചുപറഞ്ഞു, എൻ്റെ സിനിമയിലെ കഥാപാത്രങ്ങൾ പരാജയപ്പെടുന്നവരാണെന്ന്.

തോൽവിയറിഞ്ഞ സേതുമാധവനെ പ്രേക്ഷകർക്കിഷ്ടമായി. ഇന്നും ആ ഇഷ്ടം അങ്ങനെ നിലനിൽക്കുന്നു. ദശരഥം,ഹിസ് ഹൈനെസ് അബ്ദുള്ള,ഭരതം അങ്ങനെ ഞങ്ങളിരുവരുടെയും കൂട്ടുകെട്ടിൽ പിന്നെയും നല്ല സിനിമ കൾ പിറന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Success Of Kireedam Movie

We use cookies to give you the best possible experience. Learn more