| Monday, 19th August 2024, 8:01 am

തിയേറ്ററിൽ വരുന്നവർക്ക് ഒരു ടവ്വൽ കൊടുക്കാൻ തീരുമാനിച്ചു, അതോടെ ആ ചിത്രം സൂപ്പർ ഹിറ്റായി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയിൽ സംവിധാനം ചെയ്ത് മലയാളികളെ സങ്കടക്കടലിലാഴ്ത്തിയ ചിത്രമാണ് ആകാശദൂത്. സൂപ്പർ ഹിറ്റായ ചിത്രം ആദ്യ ദിനങ്ങളിൽ തിയേറ്ററിൽ സ്വീകരിക്കപ്പെട്ടില്ലെന്നും എന്നാൽ പ്രൊമോഷനിൽ കൊണ്ടുവന്ന ഒരു മാറ്റമാണ് സിനിമ വലിയ ഹിറ്റാവാൻ കാരണമെന്നും സിബി മലയിൽ പറയുന്നു.

സിനിമക്ക് ആള് കയറാതെയായപ്പോൾ, തിയേറ്ററിൽ വരുന്നവർക്ക് ആകാശദൂത് എന്നെഴുതിയ ഒരു ടവ്വൽ കൊടുക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അത് വലിയ രീതിയിൽ വർക്ക്‌ ആയെന്നും സിബി മലയിൽ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആകാശദൂതിന് തിയേറ്ററിൽ എത്തിയ ദിവസം ആളില്ലായിരുന്നു.സിനിമ ഹിറ്റാവുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. ഫസ്റ്റ് ഡേ ഒരു ആറുമണിക്ക് തിയേറ്ററിൽ എത്തുമ്പോൾ ഒരു മനുഷ്യൻ പോലും അവിടെയില്ല. എങ്ങനെ ഉണ്ടായിരുന്നു മാറ്റിനി എന്ന് ചോദിച്ചപ്പോൾ, മാറ്റിനിക്ക് ഒരു പത്തുനൂറു പേരുണ്ടായിരുന്നു സാർ എന്ന് അവർ മറുപടി പറഞ്ഞു.

800 പേർക്കൊക്കെ കയറാൻ പറ്റുന്ന വലിയ തിയേറ്ററാണ്. അടുത്ത ഷോയ്‌ക്ക് ഇതുവരെ ആരും വന്നിട്ടില്ലെന്ന് പറഞ്ഞു. പടത്തിന് അഭിപ്രായം എന്താണെന്ന് ചോദിച്ചപ്പോൾ, കണ്ടവരെല്ലാം കരഞ്ഞുകൊണ്ടാണ് പോവുന്നതെന്ന് അയാൾ പറഞ്ഞു. ഞാൻ പറഞ്ഞു, കുഴപ്പമില്ല ആളുകൾ വരുമെന്ന്.

ഞാൻ അന്ന് രാത്രി തന്നെ ബാംഗ്ലൂർക്ക് പോയി. പോവുന്ന സമയം ഞാൻ നിർമാതാവിനെ വിളിച്ചു. അയാൾ അപ്പോൾ തന്നെ വലിയ കരച്ചിലാണ്, എല്ലാം പോയി സിബിയെന്ന് പറഞ്ഞിട്ട്. പടത്തിന് ആളെയില്ലായെന്ന്. ഞാൻ പറഞ്ഞു, ഇത് നൂറ് ശതമാനം ഓടുമെന്ന്. ഇത് കണ്ടവർ മറ്റൊരാളോട് പറയാതിരിക്കില്ല.

പിറ്റേ ദിവസവും ഇത് തന്നെ സ്ഥിതി. തിയേറ്റർക്കാർക്ക് ഒരു കോൺഫിഡൻസില്ല. പിറ്റേന്ന് തന്നെ ഞാൻ കേരളത്തിലേക്ക് വന്നു. സിനിമയുടെ നിർമാതാക്കളെയും വിതരണക്കാരെയുമെല്ലാം വിളിച്ചു. നമുക്ക് കൃത്യമായ ഒരു പബ്ലിസിറ്റി സ്ട്രാറ്റജി കൊണ്ടുവരണമെന്ന് പറഞ്ഞു. ആളുകളിലേക്ക് ഈ സിനിമ എത്തണമല്ലോ.

അന്ന് മാരുതി 800 ഒക്കെ ഇറങ്ങിയ സമയമാണ്. ഈ ചോദ്യത്തിന് ഉത്തരം പറയുന്നവർക്ക് മാരുതി കിട്ടുമെന്നൊക്കെ പറഞ്ഞ് ഒരു സാധനം ചെയ്തു. മറ്റൊന്ന് തിയേറ്ററിൽ സിനിമ കാണാൻ വരുന്നവർക്ക് ആകാശദൂത് എന്നെഴുതിയ ടവ്വൽ കൊടുക്കാം എന്ന തീരുമാനമായിരുന്നു.

അവർ വിചാരിക്കും എന്തിനാണ് ഇത് തരുന്നതെന്ന്, പക്ഷെ സിനിമ കണ്ട് കഴിഞ്ഞാൽ മനസിലാവും. ആണുങ്ങൾ ഒന്നും കരയാൻ ഉണ്ടാവുമെന്ന് കരുതുന്നില്ലല്ലോ. പിന്നെ അവർക്ക് തോന്നും ഇത് തന്നത് നന്നായെന്ന്. പെണ്ണുങ്ങൾ ഒക്കെ ആണെങ്കിൽ സ്വാഭാവികമായും അടുത്ത വീട്ടിലെ ആളുകളോട് പറയും, ഇങ്ങനെ ഒരു സിനിമയുണ്ട്, ഈ തൂവാല തന്നത് നന്നായി എന്നൊക്കെ.

അതൊരു മൗത്ത് പബ്ലിസിറ്റിയായിരുന്നു. ഗംഭീരമായി അത് വർക്ക്‌ ചെയ്തു. അങ്ങനെ ഓരോ ദിവസം കഴിയുമ്പോഴും ആളുകൾ കൂടി വന്ന് പതിനേഴാം ദിവസം കേരളത്തിലെ എല്ലാ തിയേറ്ററിലും ഹൗസ്ഫുള്ളായി. പിന്നെ ടിക്കറ്റിന് വേണ്ടി ക്യു ആവുന്നു. അങ്ങനെയാണ് അത് വലിയ വിജയമായത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Success Of Akashadooth

Latest Stories

We use cookies to give you the best possible experience. Learn more