| Thursday, 24th October 2024, 4:43 pm

മോഹൻലാൽ ജയിൽ ചാടിയിരുന്നുവെങ്കിൽ ആ പടം ഓടിയേനെയെന്ന് അയാൾ പറഞ്ഞു, അത് നടക്കില്ലെന്ന് ഞാനും: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മികച്ച ചിത്രമാണ് സദയം. മോഹൻലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിട്ടാണ് സദയത്തിലെ സത്യനാഥനെ കണക്കാക്കുന്നത്. പ്രേക്ഷകർ മറക്കാനാഗ്രഹിക്കുന്ന ഒരു ക്ലൈമാക്സായിരുന്നു സദയത്തിന്റേത്. മോഹൻലാലിന്റെ സത്യനാഥൻ എന്ന കഥാപാത്രത്തെ തൂക്കി കൊല്ലുന്നതായിട്ടാണ് സിനിമ അവസാനിക്കുന്നത്.

സദയം കണ്ടിട്ട് ഒരാൾ, ചിത്രത്തിൽ മോഹൻലാൽ ജയിൽ ചാടിയിരുന്നുവെങ്കിൽ ആ കഥാപാത്രം രക്ഷപ്പെട്ടേനെയെന്ന് പറഞ്ഞിരുന്നുവെന്ന് സിബി മലയിൽ പറയുന്നു. കിരീടത്തിലെ സേതുമാധവനെ കുറിച്ചും തനിയാവർത്തനത്തിലെ ബാലൻ മാഷിനെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു സിബി മലയിൽ.

‘പേടിച്ചു നടക്കുന്ന ഒരു മനുഷ്യനാണല്ലോ കിരീടത്തിലെ സേതുമാധവൻ. അറിയാതെ ഒരുത്തനെ തല്ലിപ്പോയി അതിന് ശേഷമാണ് അയാൾ വലിയ ഗുണ്ടയാണെന്ന് അറിയുന്നത്. പിന്നെ അയാൾ മാറി മാറി പോവാനാണ് ശ്രമിക്കുന്നത്. സേതുമാധവന് അതിനുള്ള ധൈര്യം ഒരിക്കലും ഉണ്ടാവില്ലല്ലോ.

ക്ലൈമാക്സിന് മുമ്പുള്ള സീനിൽ നായകൻ കൂട്ടുക്കാരനോട് പറയുന്നത്, ഞാൻ നാട് വിട്ട് പോവുകയാണെന്നാണ്. തനിയാവർത്തനത്തിലും അത് തന്നെയാണ്. വിധിക്ക് കീഴടങ്ങാൻ തയ്യാറാവുന്ന ഒരാളാണ്. സദയത്തിന് ഉണ്ടായ പ്രശ്നവും അത് തന്നെയായിരുന്നു.

എന്റെ അടുത്ത് ഒരാൾ പറഞ്ഞിരുന്നു, മോഹൻലാൽ എങ്ങനെയെങ്കിലും ആ കയറിൽ നിന്ന് രക്ഷപ്പെട്ട് ജയിൽ ചാടി പോയാൽ പടം സൂപ്പർ ഹിറ്റാവുമെന്ന്. ഞാൻ പറഞ്ഞു, അത് നടക്കാത്ത കാര്യമല്ലേയെന്ന്. തൂക്ക് കയറിൽ നിന്ന് അയാൾ എങ്ങനെയാണ് രക്ഷപ്പെട്ട് പോവുക.

പലരും വിചാരിച്ചത് അവസാനം എന്തെങ്കിലുമൊന്ന് സംഭവിച്ച് അയാൾ രക്ഷപ്പെടുമെന്നാണ്. മോഹൻലാൽ മരിക്കില്ല എന്നാണ് സാധാരണ പ്രേക്ഷകർ ചിന്തിക്കുന്നത്. അന്ന് ആ ചിത്രം സ്വീകരിക്കാതെ പോയതിന് അത് കാരണമാവാം. ഇന്നിപ്പോൾ വലിയ ചർച്ചകളിലുള്ള ചിത്രമാണ് സദയം,’ സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Sadayam Movie Climax

We use cookies to give you the best possible experience. Learn more