| Friday, 3rd February 2023, 10:24 am

പൃഥ്വിരാജ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റില്‍ ഞാന്‍ കുറച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചു, പിന്നീട് അറിയുന്നത് അത് മറ്റൊരു സംവിധായകന്‍ ചെയ്യുന്നുവെന്നാണ്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് നായകനായ വാസ്തവം എന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. തിരക്കഥയില്‍ താന്‍ കുറച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചതോടെ പിന്നീട് അദ്ദേഹം കാണാന്‍ വന്നില്ലെന്നും പിന്നെ അറിയുന്നത് പത്മകുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നുവെന്നുമാണെന്ന് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

‘പൃഥ്വിരാജുമൊത്ത് ഒരു സിനിമ ഇടക്ക് ഒരാലോചനയില്‍ വന്നിരുന്നു. വാസ്തവം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ എന്റെയടുത്ത് വന്നതാണ്. കഥ ഇഷ്ടപ്പെട്ടു. അതിന്റെ സ്‌ക്രിപ്റ്റില്‍ ഒന്നൂടെ ഇരുന്ന് വര്‍ക്ക് ചെയ്യണമെന്നൊക്കെ ബാബുവിനോട് പറഞ്ഞിരുന്നു. പിന്നെ ബാബു അപ്രോച്ച് ചെയ്തിരുന്നില്ല.

അതിനുശേഷം ഞാന്‍ അറിയുന്നത് പത്മകുമാര്‍ അത് വേറൊരു പ്രോജക്ടായി ചെയ്യുന്നുവെന്നാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ആ സിനിമ നടന്നേനെ, എനിക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്ന വിഷയമാണത്. അങ്ങനെ ഒരു ചര്‍ച്ചയുടെ സാഹചര്യം ഉണ്ടാകാതെ പത്മകുമാര്‍ പിന്നീട് അനൗണ്‍സ് ചെയ്തു, അങ്ങനെ പോയി. കുഴപ്പമില്ല, അത് അവര്‍ നന്നായി ചെയ്തു. അതില്‍ ഞാന്‍ വരുത്തണമെന്ന് പറഞ്ഞ മാറ്റങ്ങള്‍ എന്റെ ഒരു ഫൈന്‍ ട്യൂണിങ് മാത്രമായിരുന്നു. പക്ഷേ പിന്നീട് ബാബു ജനാര്‍ദ്ദനന്‍ വന്നില്ല. എന്താണ് കാരണമെന്നറിയില്ല. അപ്പോള്‍ ഈ പ്രോജക്ട് ഓണായി കാണുമായിരിക്കും. അങ്ങനെ അങ്ങ് പോയി,’ സിബി മലയില്‍ പറഞ്ഞു.

സിനിമാ താരങ്ങളില്‍ പ്രോപ്പറായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മമ്മൂട്ടിയാണെന്നും സിബി മലയില്‍ പറഞ്ഞിരുന്നു. ‘മമ്മൂട്ടിയെ വിളിച്ചാല്‍ പ്രോപ്പറായി റെസ്‌പോണ്ട് ചെയ്യും. ഒരാവശ്യം പറഞ്ഞാല്‍ കൃത്യമായി റെസ്‌പോണ്ട് ചെയ്യും. എനിക്ക് മമ്മൂട്ടി ഒരിക്കളും ഡിഫിക്കല്‍റ്റി ഉള്ള ആളല്ല. വളരെ ജനുവിനായി പ്രൊഫഷനെ കാണുന്ന ആളാണ് അദ്ദേഹം. എല്ലാവരും പറയുന്നതുപോലെ ആദ്യകാഴ്ചയില്‍ ദേഷ്യക്കാരനാണെന്ന് തോന്നും. അങ്ങനെയല്ല, നേരെ ഓപ്പോസിറ്റാണ്. അത്രമാത്രം ഉള്ള് ശുദ്ധനായ മനുഷ്യനാണ്.

വെറുതെ സിനിമ ചെയ്യാനായി അദ്ദേഹത്തിനടുത്ത് പോവാനാവില്ല. നല്ല കഥ വേണം. എനിക്കും മമ്മൂട്ടിക്കും അത് സ്‌പെഷ്യലായിരിക്കണം. ഓടുന്ന ഒരു സിനിമക്ക് അപ്പുറത്തേക്ക് കാലം കഴിഞ്ഞാലും ആളുകള്‍ ആസ്വദിക്കുകയും ചര്‍ച്ച ചെയ്യുകയും ഒക്കെ ചെയ്യുന്ന തരത്തിലുള്ള സിനിമയാണ് ഇപ്പോള്‍ ചെയ്യേണ്ടത്,’ സിബി മലയില്‍ പറഞ്ഞു.

ContentHighlight: sibi malayil about prithviraj movie vasthavam

We use cookies to give you the best possible experience. Learn more