ആ ഷോട്ട് റീടേക്ക് പോവരുതെന്ന് നിർബന്ധമായിരുന്നു, മോഹൻലാൽ മുഴുവൻ ഇൻപുട്ട് നൽകിയ, ഞങ്ങൾ അമ്പരന്ന സീനാണത്: സിബി മലയിൽ
Entertainment
ആ ഷോട്ട് റീടേക്ക് പോവരുതെന്ന് നിർബന്ധമായിരുന്നു, മോഹൻലാൽ മുഴുവൻ ഇൻപുട്ട് നൽകിയ, ഞങ്ങൾ അമ്പരന്ന സീനാണത്: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st May 2024, 10:16 am

എം. ടിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മികച്ച ചിത്രമാണ് സദയം. മോഹൻലാൽ എന്ന നടനെ വേണ്ട രീതിയിൽ ഉപയോഗിച്ച ചിത്രം കൂടിയാണിത്. മോഹൻലാലിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായിട്ടാണ് സദയത്തിലെ സത്യനാഥനെ കണക്കാക്കുന്നത്.

ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് നിരവധിയാളുകൾ ഇന്നും സംസാരിക്കാറുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ്‌ രംഗങ്ങൾ ഷൂട്ട്‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സിബി മലയിൽ.

എല്ലാവരും അമ്പരന്നു പോവുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച്ചവെച്ചതെന്നും മോഹൻലാൽ തന്റെ മുഴുവൻ ഇൻപുട്ടും നൽകിയ സീനാണ് അതെന്നും സിബി മലയിൽ പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്. ആ ഷോട്ട് ഞാൻ എടുത്തിരിക്കുന്നത് ക്ലോസ് ആയിട്ടാണ്. അയാൾ കരഞ്ഞു കൊണ്ട് താഴേക്ക് ഇരിക്കുമ്പോൾ അയാളുടെ കൂടെ തന്നെ ക്യാമറയും താഴേക്ക് വരുകയാണ്. അതൊരു ചെറിയ ക്രയിൻ വെച്ചാണ് ഷൂട്ട്‌ ചെയ്തത്.

 

ഒരു ഹെവി ആയിട്ടുള്ള സീനാണ് എടുക്കുന്നത്. അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല. കാരണം അയാളുടെ മുഴുവൻ ഇൻപുട്ടുമുള്ള ഷോട്ടാണ് അയാൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്,’സിബി മലയിൽ പറയുന്നു.

തങ്ങളുടെ ടെക്നിക്കൽ ഇറർ കൊണ്ട് ആ ഷോട്ട് റീടേക്ക് എടുക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് ക്യാമറമാനെയും ബോധ്യപ്പെടുത്തിയിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു.

‘അതുകൊണ്ട് തന്നെ ഞങ്ങളുടെ ഒരു ടെക്നിക്കൽ ഇറർ കൊണ്ട് രണ്ടാമതൊരു ഷോട്ട് എടുക്കാൻ ഇടയുണ്ടാവരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ക്യാമറമാനെ ഞങ്ങൾ അത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇയാൾ എപ്പോഴാണ് താഴേക്ക് ഇരിക്കാൻ പോകുന്നതെന്ന് അറിയില്ല. സത്യത്തിൽ നമ്മൾ ക്യാമറയുടെ പുറകിലാണ് ഉള്ളതെന്ന് മറന്നിട്ട് മോഹൻലാലിന്റെ മുഖം കണ്ട് അമ്പരന്ന് നിന്ന് പോവുകയാണ്,’ സിബി മലയിൽ പറഞ്ഞു.

 

Content Highlight: Sibi Malayil About Performance Of Mohanlal In Sadayam Movie Climax