മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
മോഹൻലാലും നെടുമുടി വേണുവും ഒന്നിച്ച മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച വ്യക്തിയാണ് സിബി മലയിൽ. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദശരഥം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ എടുക്കാൻ തനിക്ക് വലിയ താത്പര്യമാണെന്നും രണ്ടാളും തനിക്ക് ഒരുപാട് കംഫർട്ടബിളാണെന്നും സിബി മലയിൽ പറയുന്നു.
ധനം എന്ന തന്റെ ചിത്രത്തിൽ നെടുമുടി വേണുവിന് ചെറിയൊരു വേഷമാണെങ്കിലും പ്രേക്ഷകർക്ക് ഏറ്റവും ദേഷ്യം തോന്നുന്ന തരത്തിലാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തിരിക്കുന്നതെന്ന് സിബി പറയുന്നു. ചെറിയ കഥാപാത്രമാണെങ്കിലും ഏറ്റവും വഷളായി ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുകയെന്നും സിബി ക്യൂ സ്റ്റുഡിയോയോട് പറഞ്ഞു.
‘ലാലും വേണുചേട്ടനുമായിട്ടുള്ള കോമ്പിനേഷൻ എനിക്കെപ്പോഴും താത്പര്യമുള്ള ഒന്നാണ്. എന്റെ ഹിസ് ഹൈനസ് അബ്ദുള്ളയിലും ഭരതത്തിലും ദശരഥത്തിലുമെല്ലാം അത് നന്നായി വർക്കായിട്ടുണ്ട്.
ധനം എന്ന സിനിമയെടുക്കയാണെങ്കിൽ അതിൽ വേണുച്ചേട്ടൻ ചെയ്തത് ഒരു ചെറിയ കഥാപാത്രമാണ്. പക്ഷെ ഭയങ്കര വഷളനായ ഒരു പൊലീസുകാരനാണ്. നമുക്ക് തന്നെ കണ്ടാൽ ഒരു ദേഷ്യം തോന്നുന്ന ഒരു വൃത്തികെട്ട കഥാപാത്രമാണത്.
സാധാരണ ഒരാളാണെങ്കിൽ ഇത്രയും മോശമായി ചെയ്യാണോയെന്നാണ് കരുതുക. പക്ഷെ വേണു ചേട്ടൻ ഏറ്റവും വഷളാക്കാനാണ് നോക്കുക. അങ്ങനെ എനിക്ക് ഏറ്റവും കംഫർട്ടബിളായി വർക്ക് ചെയ്യാൻ പറ്റിയ അഭിനേതാക്കളാണ് അവർ രണ്ടുപേരും. പ്രത്യേകിച്ച് ലാലും വേണുച്ചേട്ടനും ഒന്നിച്ചുള്ള കോമ്പിനേഷൻസ് എനിക്കപ്പോഴും രസിച്ചു ചെയ്യാൻ പറ്റുന്ന സീനുകളായിരിക്കും,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil About Nedumudi Venu’s Performance In Dhanam Movie