| Friday, 13th December 2024, 10:53 am

കഥാപാത്രത്തിന്റെ രൂപവും അപ്പിയറന്‍സും എങ്ങനെ വേണമെന്ന് കൃത്യമായ ബോധ്യമുള്ള രണ്ട് നടന്മാരാണ് അവര്‍: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ കരിയറില്‍ പല ഴോണറുകളിലുള്ള സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ദേവദൂതന്‍, ഉസ്താദ്, ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം തുടങ്ങി 40ലധികം ചിത്രങ്ങള്‍ സിബി സംവിധാനം ചെയ്തു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരായ നെടുമുടി വേണുവിനെയും ജഗതി ശ്രീകുമാറിനെയും കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. നെടുമുടി വേണുവിന് കഥാപാത്രത്തിനെപ്പറ്റി വിവരിച്ചുകൊടുക്കുമ്പോള്‍ തന്നെ അതിനെ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് തീരുമാനിക്കാറുണ്ടായിരുന്നെന്ന് സിബി മലയില്‍ പറഞ്ഞു. പിന്നീട് മേക്കപ്പ്, കോസ്റ്റ്യൂം , അപ്പിയറന്‍സ് എന്നീ കാര്യത്തില്‍ താനുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അതെല്ലാം താന്‍ അപ്പ്രൂവ് ചെയ്ത ശേഷം അവര്‍ ഫോളോ ചെയ്യുമായിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

നെടുമുടി വേണുവിനും ജഗതി ശ്രീകുമാറിനും ആ കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ടായിരുന്നെന്നും അതെല്ലാം സിനിമയെ വളരെയധികം സഹായിക്കാറുണ്ടായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു. ഓരോ ക്യാരക്ടറിനെയും വ്യത്യസ്തമാക്കണമെന്ന് നിര്‍ബന്ധം അവര്‍ രണ്ടുപേര്‍ക്കും ഉണ്ടായിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘കഥാപാത്രത്തിനെപ്പറ്റി വിവരിച്ച് കൊടുക്കുമ്പോള്‍ തന്നെ അതിനെ എങ്ങനെ പ്രസന്റ് ചെയ്യണമെന്ന് വേണുച്ചേട്ടനും അമ്പിളിച്ചേട്ടനും തീരുമാനിക്കാറുണ്ടായിരുന്നു. ആ ക്യാരക്ടറിന്റെ മേക്കപ്പ്, കോസ്റ്റ്യൂം, അപ്പിയറന്‍സ് എന്നീ കാര്യങ്ങളില്‍ അവര്‍ എന്റെയടുത്ത് വന്നിരുന്ന് ചര്‍ച്ച ചെയ്യാറുണ്ട്. അതെല്ലാം ഞാന്‍ അപ്പോള്‍ തന്നെ അപ്രൂവ് ചെയ്യുമായിരുന്നു.

വേണുച്ചേട്ടനും അമ്പിളിച്ചേട്ടനും ആ കാര്യത്തില്‍ പ്രിസൈസ് ആണ്. അതൊക്കെ സിനിമയെയും അവരുടെ ക്യാരക്ടറിനെയും വളരെയധികം സഹായിച്ചിട്ടുണ്ട്. ആ സമയത്ത് അമ്പിളിച്ചേട്ടനൊക്കെ ഓടിനടന്ന് സിനിമകള്‍ ചെയ്യുകയായിരുന്നു. അപ്പോള്‍ ഓരോ സിനിമയിലും അവരുടെ ക്യാരക്ടറിനെയും അപ്പിയറന്‍സിനെയും വ്യത്യസ്തമാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വെറും മൂന്നോ നാലോ സീന്‍ മാത്രമുള്ള കഥാപാത്രം ആണെങ്കില്‍ പോലും അവര്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു,’ സിബി മലയില്‍ പറയുന്നു.

Content Highlight: Sibi Malayil about Nedumudi Venu and Jagathy Sreekumar

We use cookies to give you the best possible experience. Learn more