മലയാളസിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍- സിബി മലയില്‍. കിരീടം, ദശരഥം, സദയം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകള്‍ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നവയാണ്. കിരീടത്തിലെ സേതുമാധവന്‍ ഇന്നും മലയാളികളുടെ മനസില്‍ വിങ്ങലാണ്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. മോഹന്‍ലാലിന്റെ ഡേറ്റ് കഴിഞ്ഞിട്ടും ഒരു ദിവസം കൂടി പിടിച്ചു നിര്‍ത്തിയിട്ടാണ് ആ ക്ലൈമാക്‌സ് ചിത്രീകരിച്ചതെന്ന് സിബി മലയില്‍ പറഞ്ഞു. മഴ കാരണം ആദ്യം ഉദ്ദേശിച്ച ദിവസം ഷൂട്ട് നടക്കാത്തതുകൊണ്ട് ഡേറ്റ് നീട്ടേണ്ടി വന്നതെന്ന് സിബി കൂട്ടിച്ചേര്‍ത്തു.
മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയില്‍ ആ കഥാപാത്രം തുടങ്ങിയ ഫൈറ്റ് പിന്നീട് അയാളെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിക്കുന്ന ഒന്നാണെന്ന് താന്‍ മോഹന്‍ലാലിനോട് പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ആ എക്‌സന്റ്രിക് സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ എന്തെങ്കിലും ചെയ്യാമോ എന്ന് മോഹന്‍ലാലിനോട് ചോദിച്ചുവെന്നും ചവക്കുന്ന ആക്ഷന്‍ കാണിച്ചാല്‍ മതിയോ എന്ന് ലാല്‍ ചോദിക്കുകയും ചെയ്‌തെന്ന് സിബി മലയില്‍ പറഞ്ഞു.
ക്യാമറയിലൂടെ മോഹന്‍ലാല്‍ ചവക്കുന്ന ആക്ഷന്‍ കാണിച്ചപ്പോള്‍ ആ എക്‌സന്റ്രിക് സ്വഭാവം ലാല്‍ ഉള്‍ക്കൊണ്ടെന്ന് തനിക്ക് മനസിലായെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.
‘കിരീടത്തിന്റെ ക്ലൈമാക്‌സ് പ്രതീക്ഷിച്ച ദിവസം ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല. മഴ കാരണം സെറ്റിന്റെ പണി തീര്‍ക്കാന്‍ പറ്റിയിരുന്നില്ല. ആ ദിവസത്തോട് കൂടി ലാലിന്റെ ഡേറ്റ് കഴിഞ്ഞതായിരുന്നു. ഒരു ദിവസം കൂടി പിടിച്ചു നിര്‍ത്തിയാണ് ആ സീന്‍ ചെയ്തത്. മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലാണ് സേതുമാധവന്‍ എന്ന കഥാപാത്രം ആ ഫൈറ്റിന് ഇറങ്ങുന്നത്.
ഏറ്റവുമൊടുവില്‍ ജീവിക്കണം എന്ന ചിന്ത വന്നിട്ട് തിരിച്ചടിക്കുന്നുണ്ട്. അപ്പോഴേക്ക് അയാള്‍ ഭ്രാന്തമായ ഒരു അവസ്ഥയില്‍ എത്തിയിട്ടുണ്ട്. ആ അവസ്ഥ പ്രേക്ഷകരിലേക്കെത്തിക്കാന്‍ എന്തെങ്കിലും ചെയ്യാമോ എന്ന് ലാലിനോട് ചോദിച്ചു. ‘ഞാന്‍ എന്തെങ്കിലും ചവക്കുന്ന ആക്ഷന്‍ കാണിച്ചാല്‍ മതിയോ’ എന്ന് ലാല്‍ ചോദിച്ചു. അത് മതിയെന്ന് ഞാന്‍ പറഞ്ഞു. ക്യാമറയിലൂടെ ലാലിന്റെ ആക്ഷന്‍ കണ്ടപ്പോള്‍ ആ അവസ്ഥ അയാള്‍ ഉള്‍ക്കൊണ്ടു എന്നെനിക്ക് മനസിലായി,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil about Mohanlal’s performance in Kireedam movie climax