Entertainment news
വ്യത്യസ്തമാകുമെന്ന് കരുതി, ആ മോഹന്‍ലാല്‍ ചിത്രത്തിലൂടെയും എന്റെ ആഗ്രഹങ്ങള്‍ നടന്നില്ല: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 25, 11:51 am
Tuesday, 25th April 2023, 5:21 pm

ആഗ്രഹിച്ച് ചെയ്ത പല സിനിമകളും പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ ആദ്യം ചെയ്യാനിരുന്ന സിനിമ പോലും അത്തരത്തില്‍ മുടങ്ങി പോയെന്നും സിബി മലയില്‍ പറഞ്ഞു. ആ കഥ പതിനേഴ് വര്‍ഷം കഴിഞ്ഞിട്ടാണ് ദേവദൂതന്‍ എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ദശരഥം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ വര്‍ക്ക് ചെയ്ത് തുടങ്ങിയ സിനിമ പാതി വഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ മുടങ്ങി പോയ സിനിമകളെ കുറിച്ച് സിബി മലയില്‍ സംസാരിച്ചത്.

‘ഉറച്ച തീരുമാനങ്ങള്‍ ജീവിതത്തിലെടുക്കുന്ന എല്ലാവര്‍ക്കും നഷ്ടങ്ങളുണ്ടാകും. വളരെ ആഗ്രഹിച്ചിട്ടും ചെയ്യാന്‍ കഴിയാതെ പോയ ചില സിനിമകള്‍ എന്റെ കരിയറിലുണ്ട്. ചില പ്രൊജക്ടുകളൊക്കെ സാഹചര്യങ്ങള്‍ ഒരുങ്ങി വരാത്തതുകൊണ്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ലോഹിയുമൊക്കെയായിട്ട് സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് വര്‍ക്ക് ചെയ്ത സിനിമകള്‍ വരെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

പിന്നെ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയം ദശരഥത്തിന്റെയാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇനി അത് ഇറങ്ങാനുള്ള സാധ്യത ഒന്നുമില്ല. അതിനുവേണ്ടിയുള്ള ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. അതൊക്കെയാണ് നഷ്ടപ്പെട്ട ഗണത്തില്‍ പെടുത്താന്‍ കഴിയുന്ന സിനിമകള്‍.

സിനിമ ചെയ്യാനായിട്ട് പല തരത്തിലുള്ള കഥകള്‍ ആലോചിച്ചിരുന്നു. മുത്താരംകുന്ന് പി.ഒ എന്ന സിനിമ ഒരുപാട് കാലം വര്‍ക്ക് ചെയ്തുണ്ടാക്കിയതായിരുന്നു. ആദ്യം ചെയ്യാന്‍ ആലോചിച്ചത് ഈ സിനിമ ആയിരുന്നില്ല. മലയാളത്തില്‍ അതിനുമുമ്പ് അത്തരത്തിലൊരു കഥയൊന്നും സിനിമയായി വന്നിട്ടില്ല. പുതിയ ആളുകളെയൊക്കെ വെച്ച് ഒരു കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയാണ് പ്ലാന്‍ ചെയ്തത്.

പിന്നീട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥ ദേവദൂതന്‍ എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. വ്യത്യസ്തമായൊരു സിനിമ ചെയ്യുക എന്ന് ആഗ്രഹിച്ചാണ് ഞാന്‍ വന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. പിന്നീട് സിനിമക്ക് വേണ്ടി ഒരുപാട് കഥകള്‍ അന്വേഷിച്ചു, ശ്രീനിവാസന്‍ എഴുതിയ മുത്താരം കുന്ന് പി.ഒ എന്ന സിനിമയുടെ കഥ എന്റെ അടുത്ത് പറയുന്നത് ജഗദീഷായിരുന്നു.

സിനിമയില്‍ ഇന്ന് കാണുന്നതൊന്നുമായിരുന്നില്ല ആ കഥയുടെ ആദ്യത്തെ പശ്ചാത്തലം. ഒരു പാരല്‍ കോളേജില്‍ നടക്കുന്ന കഥയായിരുന്നു ആദ്യം. പിന്നെ ശ്രീനിയാണ് സിനിമയെ ആ രീതിയിലേക്ക് മാറ്റിയത്. പിന്നീട് ആ ഴോണറിലുള്ള സിനിമകള്‍ ഞാന്‍ ചെയ്തിട്ടില്ല. അത് എന്റെ ആദ്യത്തെ സിനിമയായി സംഭവിച്ച് പോയതാണ്,’ സിബി മലയില്‍ പറഞ്ഞു.

 

content highlight: sibi malayil about mohanlal’s movie