| Monday, 2nd December 2024, 12:25 pm

ഞാനും മോഹൻലാലും പിന്നീട് ഒന്നിക്കാഞ്ഞത് ആ സിനിമ കാരണം, വലിയ ഗ്യാപ്പ് വരാൻ അത് കാരണമായി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് സിബി മലയിൽ. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറിയ അദ്ദേഹം മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നടന്മാർക്കെല്ലാം മികച്ച സിനിമകൾ സമ്മാനിച്ചു.

കിരീടം, ഭരതം, ദശരഥം, സദയം എന്നിങ്ങനെ മോഹൻലാലിനൊപ്പം അദ്ദേഹം ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഈ കൂട്ടുകെട്ടിൽ അവസാനമിറങ്ങിയ ഫ്ലാഷ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായി മാറിയിരുന്നു. 2007 ൽ ഇറങ്ങിയ ഫ്ലാഷിന് ശേഷം ഇരുവരും ഒന്നിച്ച ഒരു സിനിമ മലയാളികൾ കണ്ടിട്ടില്ല.

ദശരഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു തങ്ങൾ ഒന്നിക്കണമെന്ന് ആഗ്രഹിച്ച സിനിമയെന്നും എന്നാൽ അത് നടക്കാതെ പോയെന്നും സിബി മലയിൽ പറയുന്നു. രണ്ടുപേരും ഒന്നിച്ച സിനിമകൾ എന്നും മലയാളികളുടെ മനസിൽ ഉള്ളതിനാൽ ഇനിയൊരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലൊരു സിനിമ വരണമെന്നും എന്നാൽ ഫ്ലാഷ് അങ്ങനെ ഒരു സിനിമ ആയിരുന്നില്ലെന്നും സിബി മലയിൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരിന്നു അദ്ദേഹം.

‘സിനിമയില്‍ എപ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ നടക്കില്ല. രണ്ട് കൂട്ടരുടെയും സൗകര്യങ്ങളും താത്പര്യങ്ങളും അതില്‍ ഉണ്ടാകും. 2007 കഴിഞ്ഞിട്ട് പിന്നെ ഞങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച സിനിമ, അല്ലെങ്കില്‍ ഞാന്‍ ആയിട്ട് വര്‍ക്ക് ചെയ്ത സിനിമ ദശരഥത്തിന്റെ രണ്ടാം ഭാഗമായിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും ആ സിനിമ സംഭവിച്ചില്ല. പിന്നെ അത്ര സീരിയസായ അപ്രോച്ച് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഞാന്‍ അദ്ദേഹവുമായി ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു കഥ വരണം.

കാരണം നമ്മള്‍ ചെയ്ത സിനിമകള്‍ അത്രമാത്രം അവരുടെ മനസിലുണ്ട്. അപ്പോള്‍ അതിന് മുകളില്‍ നില്‍ക്കുന്ന ഒരു സിനിമ ചെയ്തില്ലെങ്കില്‍ അത് സ്വീകരിക്കപ്പെടില്ല എന്ന ചിന്ത മനസിലുണ്ട്. ഫ്‌ളാഷിന് സംഭവിച്ചത് അത് തന്നെയാണ്. ഞാനും മോഹന്‍ലാലും കൂടെ ചേരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു സിനിമ ആയിരുന്നില്ല അത്.

ആ തിരിച്ചറിവില്‍ നിന്ന് ഇനി അത്രയും കോണ്‍ഫിഡന്‍സ് തരുന്ന സിനിമ ചെയ്യാം എന്നതായിരുന്നു ഇത്ര വലിയ ഒരു ഗ്യാപ്പ് വരാന്‍ കാരണമായത്,’ സിബി മലയില്‍ പറഞ്ഞു.

ഫ്ലാഷ്

2007 ൽ ഇറങ്ങിയ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് ഫ്ലാഷ്. മോഹൻലാൽ ‘മിഥുൻ മാധവൻ’ എന്ന മനഃശാസ്ത്രജ്ഞനായി എത്തിയ ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക. ഇന്ദ്രജിത്ത്, സായികുമാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. എസ്.ഭാസുരചന്ദ്രനായിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്.

Content Highlight: Sibi Malayil About Mohanlal’s Flash Movie

Latest Stories

We use cookies to give you the best possible experience. Learn more