| Thursday, 2nd January 2025, 5:57 pm

എന്നെ സംബന്ധിച്ചിടത്തോളം മോഹന്‍ലാല്‍ ആ കഥാപാത്രത്തിന് യോജിക്കുന്ന ആളല്ലായിരുന്നു: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.

24 വര്‍ഷങ്ങള്‍ക്ക് ശേഷം സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷനായി ദേവദൂതൻ അണിയറപ്രവര്‍ത്തകര്‍ ഒരിക്കല്‍കൂടി ബിഗ്‌ സ്‌ക്രീനിലെത്തിച്ചു. അനാവശ്യമായിട്ടുള്ള രംഗങ്ങള്‍ മുറിച്ചുമാറ്റി റീ റിലീസ് ചെയ്ത ദേവദൂതനെ പ്രേക്ഷകര്‍ സ്വീകരിച്ചു. പഴയതിലും മികച്ച ശബ്ദമികവില്‍ വന്ന ചിത്രത്തിന്റെ തിരിച്ചുവരവ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിനെ ആയിരുന്നില്ല താന്‍ നായകനായി കണ്ടിരുന്നതെന്നും മോഹന്‍ലാല്‍ നായകനായി എത്തിയതോടെ കഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും സിബി മലയില്‍ പറയുന്നു. ലാല്‍ ചെയ്ത കഥാപാത്രം തമിഴ് നടന്‍ മാധവനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മോഹന്‍ലാലിന് ആ കഥാപാത്രം ചേരില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും എന്നാല്‍ ആ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിച്ചെന്നും സിബി മലയില്‍ പറഞ്ഞു.

‘ 17 വര്‍ഷം മുന്‍പെഴുതിയ ഒരു കഥയെ പൊളിച്ചാണ് ദേവദൂതന്റെ തിരക്കഥ എഴുതുന്നത്. ക്യാമ്പസ് സ്റ്റോറിയാക്കിയാണ് പ്ലാന്‍ ചെയ്തത്. ഒരു ചെറുപ്പക്കാരനും പെണ്‍കുട്ടിയും അവരുടെ പ്രണയവുമൊക്കെ ചേര്‍ത്തിട്ട് പ്രധാനപ്പെട്ട കഥയിലേക്ക് എത്തുന്ന രീതിയിലാണ് കഥ രൂപപ്പെടുത്തിയത്.

കാമ്പസ് സ്റ്റോറിയാക്കി ഞങ്ങള്‍ അതിനെ മാറ്റി. എഴുത്തുപൂര്‍ത്തിയാക്കി. പുതിയ അഭിനേതാക്കളെ അന്വേഷിച്ചു തുടങ്ങി. അക്കാലത്ത് ഹിന്ദി സീരിയലുകളിലൊക്കെ അഭിനയിച്ച നടനായിരുന്നു മാധവന്‍. പിന്നെ മാധവന്‍ അറിയപ്പെടുന്ന നടനായി സിനിമയിലെത്തി. അദ്ദേഹത്തെ നായകനാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

പുതിയ നായികയെയും ആലോചിച്ചു. അന്ന് മാധവനെ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം മണിരത്‌നത്തിനൊപ്പം അലൈപ്പായുതേ എന്ന സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്തിരുന്നു. ആറ് മാസത്തേക്ക് അദ്ദേഹത്തിന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നീടും ഞങ്ങള്‍ വേറെ ആളുകളെ അന്വേഷിച്ചു. അതിനിടയ്ക്ക് വളരെ യാദൃശ്ചികമായ മോഹന്‍ലാല്‍ ഈ കഥ കേള്‍ക്കുകയും അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോലം മോഹന്‍ലാല്‍ ആ കഥാപാത്രത്തിന് യോജിക്കുന്ന ആളല്ല. ഇതൊരു കാമ്പസില്‍ പഠിക്കുന്ന ആളാണ്. മോഹന്‍ലാല്‍ ആകുമ്പോള്‍ നമ്മള്‍ക്ക് ആ രീതിയില്‍ ചെയ്യാന്‍ കഴിയില്ലെന്ന ചിന്ത ഉള്ളതുകൊണ്ട് ഞാന്‍ അധികം ആഭിമുഖ്യം കാണിച്ചില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇങ്ങനെ ഒരു കഥ ഇങ്ങോട്ട് ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തതുകൊണ്ട് അത് ഉപയോഗപ്പെടുത്തേണ്ടേ എന്ന ചിന്ത നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് വന്നു.

അദ്ദേഹത്തിന് വേണ്ടി മറ്റൊരു കഥ കണ്ട് മറ്റൊരു സിനിമ ചെയ്യാമെന്ന നിര്‍ദേശം ഞാന്‍ വെച്ചു. ഒന്ന് രണ്ട് കഥ കേട്ടെങ്കിലും തൃപ്തികരമായി തോന്നിയില്ല. അങ്ങനെ ഈ സിനിമ പെട്ടെന്ന് തന്നെ ചെയ്യണമെന്ന തീരുമാനം മോഹന്‍ലാലിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മോഹന്‍ലാലിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി കഥയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Mohanlal’s Casting In Devadoothan

We use cookies to give you the best possible experience. Learn more