ഭരതത്തിന് അവാർഡ് കിട്ടുമെന്ന് ആ പ്രമുഖ നടൻ, പക്ഷെ സിനിമ ഓടില്ലായെന്നായിരുന്നു അതിന്റെ അർത്ഥം: സിബി മലയിൽ
Entertainment
ഭരതത്തിന് അവാർഡ് കിട്ടുമെന്ന് ആ പ്രമുഖ നടൻ, പക്ഷെ സിനിമ ഓടില്ലായെന്നായിരുന്നു അതിന്റെ അർത്ഥം: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th November 2024, 4:23 pm

മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സംവിധായകനാണ് സിബി മലയിൽ. മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി,മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട രീതിയിൽ ഉപയോഗിച്ച ഒരു ഫിലിം മേക്കർ കൂടിയാണ്. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രമായിരിന്നു സിബി മലയിൽ സംവിധാനം ചെയ്ത ഭരതം

ലോഹിതദാസ് തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ട ഒരു പ്രമുഖ നടൻ ഭരതം അവാർഡ് നേടുമെന്ന് പറഞ്ഞെന്നും അതിനർത്ഥം ചിത്രം ഓടില്ല എന്നായിരുന്നു എന്നും സിബി മലയിൽ പറയുന്നു. ചിത്രം വലിയ വിജയമാകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അതങ്ങനെ തന്നെ സംഭവിച്ചെന്നും സിബി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘രാവും പകലും ഒരുപാട് കഷ്ടപ്പെട്ട് ഉറങ്ങാതെ ബുദ്ധിമുട്ടിയാണ് ഭരതം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചത്. തിയേറ്ററുകളെയൊക്കെ അറിയിച്ചതായിരുന്നു. സിനിമയുടെ പണികൾ പൂർത്തീകരിക്കാനും സമയം എടുത്തിരുന്നു. അത്രമാത്രം മുൾമുനയിൽ നിന്നാണ് സിനിമ പൂർത്തിയാക്കിയത്.

ഭരതത്തിന്റെ പ്രിവ്യൂ ഷോ മദ്രാസിലെ ഫിലിം ചേമ്പർ തിയേറ്ററിലാണ് നടത്തിയത്. അന്ന് ഭാരതം കണ്ട ഒരു പ്രമുഖ നടൻ എന്നോട് സിനിമയെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ എന്റെ സിനിമയിലൂടെയൊക്കെ തന്നെ വന്ന ഒരു നടൻ ആണ് അയാൾ. അദ്ദേഹം പടം കണ്ടിട്ട് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ഇതിന് അവാർഡ് കിട്ടും എന്നായിരുന്നു.

അതായത് അതിന്റെ ധ്വനി പടം തിയേറ്ററിൽ അധികം ഓടാൻ ഒന്നും പോവുന്നില്ല അവാർഡ് ഒക്കെ കിട്ടും എന്നായിരുന്നു. പക്ഷെ എനിക്കങ്ങനെ സന്ദേഹം ഒന്നുമില്ലായിരുന്നു. കാരണം അദ്ദേഹം അങ്ങനത്തെ സിനിമകൾ കണ്ട് ശീലമില്ലാത്ത ഒരാളായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. എന്തായാലും പിന്നീട് സിനിമ തിയേറ്ററിൽ എത്തിയപ്പോൾ വലിയ വിജയമായി. എല്ലാ രീതിയിലും ഭരതം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഉണ്ടായ മികച്ച ചിത്രങ്ങളിൽ ഒന്നായി തന്നെ അതിനെ പരിഗണിക്കപ്പെടുന്നുണ്ട്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Mohanlal’s Baratham Movie