മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച ആക്ടർ ഡയറക്ടർ കോമ്പോയാണ് മോഹൻലാൽ – സിബി മലയിൽ. ഇരുവരും ഒന്നിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ഏറെ ശ്രദ്ധ നേടിയവയായിരുന്നു.
മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങൾ നൽകാൻ സിബിക്ക് സാധിച്ചിട്ടുണ്ട്. കിരീടം, ഭരതം, സദയം, കമലദളം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇതിൽ ഭരതവും കിരീടവും ദേശീയ തലത്തിലും മോഹൻലാലിന് പുരസ്‌കാരം നേടി കൊടുത്തു.
മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ കഴിഞ്ഞ ആഴ്ച റീ റിലീസ് ചെയ്തിരുന്നു. രണ്ടായിരത്തിൽ ഇറങ്ങിയ ചിത്രം അന്ന് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ റീ റിലീസിന് പിന്നാലെ ചിത്രം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് നേടുന്നത്.
ദേവദൂതൻ തുടങ്ങുന്നത് ഒരു മ്യൂസിക് നൊട്ടേഷൻ കാണിച്ചുകൊണ്ടാണ്. ഇത് വിദ്യാസാഗറിന്റെ അടുത്ത് നിന്ന് താൻ എഴുതി വാങ്ങിയതാണെന്നും അതെല്ലാം ആധികാരികമായി അവതരിപ്പിക്കാൻ മോഹൻലാലിനെ പോലൊരു നടനെ സാധിക്കുകയുള്ളൂവെന്നും സിബി മലയിൽ പറയുന്നു. മോഹൻലാലിന്റെ അഭിനയത്തിന് ഒരു താളബോധം ഉണ്ടെന്നും അദ്ദേഹം ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സിനിമ തുടങ്ങുന്നത് ആ നൊട്ടേഷന്റെ നോട്ടിലാണ്. അന്ന് യഥാർത്ഥത്തിൽ വിദ്യാസാഗറിനടുത്ത് നിന്ന് ഞാൻ വാങ്ങിയെടുത്തതാണ്. അദ്ദേഹം ചെയ്ത നൊട്ടേഷൻ തന്നെയാണിത്. മ്യൂസിക് അറിയുന്നവർക്ക് ചിലപ്പോൾ അത് വായിക്കാൻ പറ്റും.
അത് ആധികാരികമായി അവതരിപ്പിക്കാൻ മോഹൻലാലിനെ പോലൊരു നടനെ സാധിക്കുള്ളൂ. കാരണം ലാലിന് എപ്പോഴും ഒരു താളബോധമുണ്ട്. ലാലിന്റെ അഭിനയത്തിൽ അത് കാണാം. പതിവ് രീതികളിൽ മറ്റ് അഭിനേതാക്കൾക്കില്ലാത്ത പലപ്പോഴും അപതാളമാണെന്ന് തോന്നുന്ന രീതിയിലുള്ള ഒരു അഭിനയ രീതി ലാലിനുണ്ട്.
ഡയലോഗ് പറയുമ്പോഴുള്ള ചില പോസൊക്കെ നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലത്താണ് ലാൽ നൽകുക. എഴുത്തുക്കാരൻ വിചാരിക്കുന്നതിനേക്കാൾ അപ്പുറമുള്ള ചില വേരിയേഷൻസെല്ലാം ഡയലോഗിലൊക്കെ ലാൽ കൊണ്ടുവരാറുണ്ട്. അത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള താളബോധം കാരണമാണ്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil About Mohanlal’s Acting Style