മോഹൻലാലിനെ പോലെ ഏത് കഥാപാത്രവും ആ നടിയെ ധൈര്യമായി ഏല്പിക്കാം: സിബി മലയിൽ
Entertainment
മോഹൻലാലിനെ പോലെ ഏത് കഥാപാത്രവും ആ നടിയെ ധൈര്യമായി ഏല്പിക്കാം: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st January 2025, 4:45 pm

ഒരുപാട് മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. തന്റെ പതിവ് സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരുക്കിയ സിബി മലയിൽ ചിത്രമായിരുന്നു ഉസ്താദ്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഷാജി കൈലാസ്, ജോഷി തുടങ്ങിയ സംവിധായകരുടെ സ്റ്റൈൽ ഓഫ് മേക്കിങ്ങിലാണ് സിബി ഒരുക്കിയത്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ എത്തിയത് നടി ദിവ്യാ ഉണ്ണിയായിരുന്നു. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അനിയത്തിയായാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. എന്നാൽ ആ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.

ലോഹിതദാസിന്റെ കന്മദം എന്ന സിനിമയുടെ സെറ്റിൽ വെച്ച് മഞ്ജുവിന്റെ അഭിനയം കണ്ട് താൻ അമ്പരന്നുവെന്നും അങ്ങനെയാണ് ഉസ്താദിലേക്ക് മഞ്ജുവിനെ തീരുമാനിക്കുന്നതെന്നും സിബി മലയിൽ പറയുന്നു. എന്നാൽ ആ സമയത്ത് മഞ്ജുവിന്റെ വിവാഹം കഴിഞ്ഞതിനാൽ ദിവ്യ ഉണ്ണിയിലേക്ക് ആ കഥാപാത്രം പോയെന്നും മോഹൻലാലിനെ പോലെ ഏതൊരു റോളും ധൈര്യമായി കൊടുക്കാവുന്ന നടിയാണ് മഞ്ജുവെന്നും സിബി കൂട്ടിച്ചേർത്തു.

‘ലോഹി നാഷണൽ അവാർഡ് വാങ്ങിക്കാൻ ദൽഹിയിൽ പോയപ്പോൾ കന്മദത്തിലെ കുറച്ച് ഭാഗങ്ങൾ ഞാൻ സംവിധാനം ചെയ്‌തിരുന്നു. ഒരു അഭിനേത്രിയുടെ വിസ്‌മയിപ്പിക്കുന്ന പരകായപ്രവേശം ഞാനവിടെ കണ്ടു. അതിനുശേഷം രഞ്ജിത്തും ഞാനും ഒന്നിച്ച ഉസ്‌താദ് എന്ന ചിത്രത്തിലെ മോഹൻലാലിൻ്റെ സഹോദരിയായി മഞ്ജുവിനെയായിരുന്നു കാസ്റ്റ് ചെയ്‌തിരുന്നത്.

അന്ന് ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ലാൽ ദുബായിൽ ഉണ്ടായിരുന്നു. ഉസ്‌താദിൻ്റെ ക്ലൈമാക്‌സുമായി ചേർന്ന സീനുകൾ എടുക്കേണ്ടത് ദുബായിലാണ്. അതിനാൽ ആ ഭാഗങ്ങൾ ആദ്യം ചിത്രീകരിക്കാൻവേണ്ടി ഞങ്ങൾ ദുബായിലേക്ക് പോയി. അതിനിടയിലാണ് മഞ്ജുവിൻ്റെ വിവാഹവാർത്ത അറിയുന്നത്.

ഞങ്ങൾ തിരിച്ചുവന്നപ്പോൾ ദിലീപും മഞ്ജുവും ചേർന്ന് എന്നെ വിളിച്ചു. കുറച്ചുകാലം അഭിനയിക്കേണ്ട എന്നാണ് തീരുമാനം എന്ന് അവർ പറഞ്ഞു. അതോടെ മഞ്ജുവിൻ്റെ റോൾ ദിവ്യ ഉണ്ണി ചെയ്യേണ്ടിവന്നു. കഥാപാത്രത്തെ നമ്മുടെ സങ്കല്പ‌ത്തിനപ്പുറത്തേക്ക് മഞ്ജു കൊണ്ടുപോകും. ക്യാരക്ടർ ഉള്ളിലേക്ക് കയറിക്കഴിഞ്ഞാൽ അവരെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. മോഹൻലാലിനെ ഏത് കഥാപാത്രവും ഏൽപ്പിക്കാൻ നമുക്ക് ധൈര്യമാണ്, അതുപോലെത്തന്നെയാണ് മഞ്ജു വാര്യരും,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malayil About Manju Warrior