മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സിനിമകളെ വിലയിരുത്തുകയാണ് സിബി മലയിൽ. ഈ വർഷം ഇറങ്ങി വിജയമായ ചിത്രങ്ങളെല്ലാം വ്യത്യസ്ത ഴോണറിൽപ്പെട്ടവയായിരുന്നുവെന്ന് സിബി മലയിൽ പറയുന്നു. പ്രേമലു എന്ന ചിത്രം ആദ്യം ഏറ്റെടുത്തത് യുവജനങ്ങളായിരുന്നുവെന്നും പിന്നീടാണ് ഫാമിലി പ്രേമലു കാണാൻ കയറിയതെന്നും സിബി പറയുന്നു.
എന്നാൽ പ്രേമലു കാരണം അർഹിച്ച വിജയം നേടാതെ പോയ മികച്ച സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ വർഷം മലയാളത്തിൽ വലിയ വിജയമായ സിനിമകളെല്ലാം വളരെ വ്യത്യസ്ത ഴോണറിലുള്ള സിനിമകളാണ്. ഇപ്പോൾ പ്രേമലുവെന്ന സിനിമ യുവജനങ്ങളാണ് കൂടുതൽ ഏറ്റെടുത്തത്. അതിന് ശേഷമാണ് ഫാമിലി വന്ന് സിനിമ എൻജോയ് ചെയ്യാൻ തുടങ്ങിയത്.
അതുപോലെ മഞ്ഞുമ്മൽ ബോയ്സ് ഇറങ്ങുന്നതിന് മുമ്പ് തന്നെ വലിയ വിജയമായി മാറികഴിഞ്ഞിരുന്നു. ഒരു പക്ഷെ എനിക്ക് തോന്നുന്നത് പ്രേമലു വന്നത് കൊണ്ട് കിട്ടേണ്ട ഒരു ഹൈപ്പ് കിട്ടാതെ പോയ ഒരു സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. അതും നല്ല സിനിമയാണ്.
പക്ഷെ ഈ രണ്ട് സിനിമകളും വന്നതോടെ അത് വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടില്ല. സിനിമ നഷ്ടമായിട്ടൊന്നുമില്ല. വിജയം നേടിയ സിനിമയാണ്. പക്ഷെ അതർഹിക്കുന്ന ഒരു ഹൈപ്പ് അതിന് ഉണ്ടാവാത്ത പോലെ എനിക്ക് തോന്നി,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil About Malayalam Cinema 2024