മമ്മൂട്ടി പറഞ്ഞ ആ കഥ ശരിയാക്കാൻ പറ്റില്ലെന്ന് ലോഹിതദാസ്, ഒടുവിൽ ഒരു ദിവസം കൊണ്ട് അദ്ദേഹം ആ സിനിമയുണ്ടാക്കി: സിബി മലയിൽ
Entertainment
മമ്മൂട്ടി പറഞ്ഞ ആ കഥ ശരിയാക്കാൻ പറ്റില്ലെന്ന് ലോഹിതദാസ്, ഒടുവിൽ ഒരു ദിവസം കൊണ്ട് അദ്ദേഹം ആ സിനിമയുണ്ടാക്കി: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2024, 8:10 am

എ.കെ. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് തനിയാവര്‍ത്തനം. 1987ല്‍ ഇറങ്ങിയ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനായ ബാലഗോപാലനായിട്ടാണ് മമ്മൂട്ടി എത്തിയത്. അദ്ദേഹത്തിന് പുറമെ തിലകന്‍, മുകേഷ്, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തിയത്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നായാണ് തനിയാവര്‍ത്തനത്തെ കണക്കാക്കുന്നത്. ഭ്രാന്തുള്ള ഒരു നായകന്റെ കഥയെ കുറിച്ച് ആദ്യം പറയുന്നത് മമ്മൂട്ടിയാണെന്ന് പറയുകയാണ് സിബി മലയിൽ. എന്നാൽ ആ കഥയിൽ താൻ കൺവിൻസ് അല്ലായിരുന്നുവെന്നും പക്ഷെ മമ്മൂട്ടിക്ക് അങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു.

ഒടുവിൽ താൻ ലോഹിതാദാസിനെ പോയി കണ്ടെന്നും അദ്ദേഹമാണ് അങ്ങനെയൊരു കഥാപാത്രത്തെ തനിയാവർത്തനമാക്കി മാറ്റിയതെന്നും സിബി കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടി അന്ന് രണ്ട് എഴുത്തുകാരെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടിരുന്നു. അവർ പറഞ്ഞ കഥയിലെ ഒരു കഥാപാത്രം മമ്മൂട്ടിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞു. ഒരു ഭ്രാന്തിന്റെ അവസ്ഥയിലൂടെ പോകുന്ന കഥാപാത്രമാണത്.

ആ കഥാപാത്രം ഇഷ്ടമായതുകൊണ്ടാണ് മമ്മൂട്ടി കഥ കേൾക്കാൻ എന്നോട് പറഞ്ഞത്. പക്ഷെ അവർക്ക് കഥ പറഞ്ഞ് എന്നെ കൺവിൻസ് ചെയ്യാൻ പറ്റിയില്ല. പക്ഷെ മമ്മൂട്ടി അതിനകത്ത് വലിയ പ്രതീക്ഷയിലായിരുന്നു. അങ്ങനെ ഒരു കഥാപാത്രം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതോടെ ഞാൻ ലോഹിതദാസിനെ കാണാൻ തീരുമാനിച്ചു.

ഞാൻ ലോഹിയെ കാണുകയും എന്റെ ആവശ്യം അറിയിക്കുകയും ചെയ്തു. ഇപ്പോൾ തന്നെ എന്റെ കൂടെ ഒന്ന് എറണാകുളത്തേക്ക് വരണമെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം അഞ്ചാറു ദിവത്തേക്കുള്ള തുണിയൊക്കെ എടുത്തിട്ട് എന്റെ കൂടെ വന്നു.

എറണാകുളത്തെ ഹോട്ടലിൽ വെച്ച് ഞാൻ പറഞ്ഞു, ഇങ്ങനെയൊരു കഥയാണ് എന്റെ കയ്യിൽ ഉള്ളത്, പക്ഷെ അത് എനിക്ക് തൃപ്തികരമായ രീതിയിലല്ല ഉള്ളത്. അതൊന്ന് മാറ്റി ശരിയാക്കി തരാൻ പറ്റുമോയെന്ന് ചോദിച്ചു.

പക്ഷെ ലോഹി ആ കഥ കേട്ടിട്ട് പറഞ്ഞു, ഇതിനൊന്നും ചെയ്യാനില്ല. ഈ കഥ തനിക്ക് ശരിയാക്കാൻ പറ്റുന്ന ഒന്നല്ലായെന്നായിരുന്നു. പക്ഷെ തന്റെ കയ്യിൽ ഒരു കഥയുണ്ട് , അത് വെച്ചൊരു കഥാപാത്രം നമുക്കുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരു പകലും രാത്രിയും കൊണ്ട് അദ്ദേഹം എന്റെയടുത്ത് ആലോചിച്ച് പറഞ്ഞ കഥയാണ് തനിയാവർത്തനമായി മാറുന്നത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Making Of Thaniyavarthanam Movie