എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കിയ മികച്ച ചിത്രമാണ് സദയം. മോഹൻലാലിന്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായ സദയം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് സിബി മലയിൽ. എം.ടിയും താനും ആദ്യമായി ചെയ്യാൻ തീരുമാനിച്ചത് മറ്റൊരു സിനിമയായിരുന്നുവെന്നും അതിന്റെ തീം വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസറിൽ പ്രചോദനം ഉൾക്കൊണ്ടതാണെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയെയും മോഹൻലാലിനെയുമെല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്ത ആ സിനിമ പിന്നീട് മുടങ്ങിയെന്നും ഒടുവിൽ ശത്രു എന്ന ചെറുകഥയിൽ നിന്നാണ് സദയത്തിലേക്ക് എത്തുന്നതെന്നും സിബി പറഞ്ഞു. എം.ടിയുടെ തിരക്കഥയിൽ ഒരു സിനിമ ചെയ്യുന്നത് തന്റെ വലിയ ആഗ്രമായിരുന്നുവെന്നും ഏറ്റവും ടെൻഷനോടെ ചെയ്ത സിനിമയാണ് സദയമെന്നും സിബി കൂട്ടിച്ചേർത്തു.
‘എം.ടി.യുടെ തിരക്കഥയിൽ സിനിമ ചെയ്യണമെന്ന സ്വപ്നം ഉണ്ടായിരുന്നു. പക്ഷേ, പോയി ചോദിക്കാനുള്ള ആത്മവിശ്വാസമില്ലായിരുന്നു. ഒരു ദിവസം സെവൻ ആർട്‌സ് വിജയകുമാർ ചോദിച്ചു, നമുക്ക് എം.ടി.സാറിനെ കണ്ട് ഒരു കഥ ചോദിച്ചാലോയെന്ന്. ‘ഭരതം’ കഴിഞ്ഞ സമയമാണ്.
അങ്ങനെ എം.ടി.സാറിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു, നമുക്കൊരു വലിയ പടം ചെയ്യാം. ‘ജൂലിയസ് സീസർ’. മമ്മൂട്ടിയും ലാലും ഉൾപ്പെടെ തെന്നിന്ത്യയിലെ പ്രധാന അഭിനേതാക്കളെ വെച്ച് വലിയ പടം. അതിൻ്റെ ലൊക്കേഷൻ തേടി എം.ടി.സാറിനൊപ്പം യാത്രചെയ്തു. അതൊക്കെയും വലിയ അനുഭവങ്ങളാണ്.
പക്ഷേ, ബജറ്റ് പ്രശ്‌നമായി. സിനിമ നടന്നില്ല. എങ്കിൽ നമുക്കൊരു ചെറിയ പ്രോജക്ട് ആലോചിക്കാമെന്നായി എം.ടി.സാർ. അദ്ദേഹത്തിന്റെ ‘ശത്രു’ എന്ന ചെറുകഥയിൽനിന്ന് ‘സദയം’ എന്ന സിനിമ ജനിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് ഞാൻ ഏറ്റവും ശ്രദ്ധയോടെയും ഭയത്തോടെയും ചെയ്ത സിനിമയാണത്.
സാഹിത്യത്തിലെ കുലപതി വിശ്വസിച്ചേൽപ്പിച്ച കഥയാണ്. അത് മോശമാക്കരുതെന്നുണ്ടായിരുന്നു. ആ സിനിമ വലിയ വെല്ലുവിളിയായിരുന്നു. നോൺ ലീനിയറായ തിരക്കഥ. കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ കഥ വികസിക്കുകയാണ്. ഫൈനൽ എഡിറ്റഡ് വേർഷൻ കാണാൻ അദ്ദേഹം വന്നു.
അദ്ദേഹം എന്തെങ്കിലുമൊന്ന് നെഗറ്റീവായി പറഞ്ഞാൽ ഞാൻ തകർന്നുപോകും. പക്ഷേ, അങ്ങനെയൊന്നുമുണ്ടായില്ല. എൻ്റെ തിരക്കഥയ്ക്കു മുകളിൽ പോയ ഒരേയൊരു സിനിമയേയുള്ളൂ, അത് സദയമാണെന്ന്, പിന്നെയെപ്പോഴോ അദ്ദേഹം ഒരു വേദിയിൽ പറഞ്ഞതായി അറിഞ്ഞു. അതെനിക്ക് ഓസ്‌കറിനെക്കാൾ വിലപിടിപ്പുള്ള പുരസ്കാരമാണ്.
Content Highlight: Sibi Malayil About M.t.Vasudevan Nair And Sadhayam Movie