മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ലോഹിതാദാസ് ആയിരുന്നു.
സാഹചര്യങ്ങളാൽ സ്വന്തം ജീവിതം തകർന്ന് തോറ്റുപ്പോവുന്ന നായകന്റെ കഥയായിരുന്നു കിരീടം. അത് തന്നെയാണ് കിരീടത്തെ ഇന്നും പ്രേക്ഷക മനസിൽ പിടിച്ചുനിർത്തുന്നതും. പിന്നീട് കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു.
എന്നാൽ കിരീടത്തിനൊരു രണ്ടാം ഭാഗം വരണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുകയാണ് സിബി മലയിൽ. കിരീടം ചെയ്യുമ്പോൾ ചെങ്കോലിനെ കുറിച്ച് ആലോച്ചിട്ടില്ലെന്നും ഒരു ട്രെയിൻ യാത്രക്കിടയിലാണ് ചെങ്കോലിനെ കുറിച്ച് ചിന്തിക്കുന്നതെന്നും സിബി മലയിൽ പറഞ്ഞു. അമൃത ടി. വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിരീടത്തിന് ഒരു രണ്ടാംഭാഗം വേണമെന്ന ചിന്ത എനിക്കില്ലായിരുന്നു. ഞങ്ങൾ ഒരൊറ്റ സിനിമയ്‌ക്ക് വേണ്ടി മാത്രമാണ് കഥ ഒരുക്കിയത്. ആ കഥ സിനിമയാക്കി തിയേറ്ററിൽ എത്തുകയും വലിയ വിജയമാവുകയുമൊക്കെ ചെയ്യുമ്പോഴും ഒരു സെക്കന്റ് പാർട്ടിനെ കുറിച്ച് ഞങ്ങൾ ചിന്തിച്ചില്ല.
ഒരിക്കൽ പോലും കിരീടത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാവുമോയെന്നോ അങ്ങനെയൊരു ചിന്തയോ ആഗ്രഹമോ ഉണ്ടായിരുന്നില്ല. ഒരു മൂന്ന് നാല് വർഷങ്ങൾക്ക് ശേഷമുള്ള ഞങ്ങളുടെ ഒരു യാത്രക്കിടയിലാണ് ചെങ്കോലിനെ കുറിച്ച് ഞങ്ങൾ ആലോചിക്കുന്നത് തന്നെ.
ഞാനും അതിന്റെ നിർമാതാവായ ഉണ്ണിയും ലോഹിയും കൂടെ ഒരു ട്രെയിൻ യാത്ര നടത്തുന്നതിനിടയിലാണ് അങ്ങനെയൊരു ചിന്ത ഉണ്ടാവുന്നത്. ലോഹി സാറിനും അന്നാണ് ആ ചിന്ത ഉണ്ടാവുന്നത് അതിന് മുമ്പൊന്നും അങ്ങനെ ഒരു ചിന്ത ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. എനിക്ക് തോന്നുന്നത് അതിന്റെ പ്രൊഡ്യൂസർ തന്നെയാണ് ആ സിനിമയ്ക്ക് ഒരു തുടക്കം ഇട്ടത്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi Malayil About Kireedam Movie