| Wednesday, 7th August 2024, 8:53 am

ഞങ്ങളുടെ തെറ്റായ ധാരണയുടെ പുറത്താണ് ജഗതിയുടെ കഥാപാത്രത്തെ ദേവദൂതനില്‍ ഉള്‍പ്പെടുത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റിയിറങ്ങിയ ചിത്രമെന്ന് പലരും വിശേഷിപ്പിച്ച സിനിമയാണ് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം അന്നത്തെ കാലത്ത് പ്രേക്ഷകര്‍ കൈയൊഴികയാണുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതനെ ക്ലാസിക്കെന്ന് പലരും വാഴ്ത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയിരുന്നു.

റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ നിന്ന് ജഗതിയുടെ സീനുകള്‍  പൂര്‍ണമായും നീക്കം ചെയ്തിരുന്നു. സിനിമയിലെ കോമഡി ട്രാക്ക് മുഴുവന്‍ ജഗതിയിലൂടെയായിരുന്നു. ഇതോടൊപ്പം മോഹന്‍ലാലിന്റെ ഇന്‍ട്രോ ഫൈറ്റും മുറിച്ചുമാറ്റിയിട്ടുണ്ട്. സിനിമയെപ്പറ്റി ആദ്യം ചിന്തിച്ചപ്പോള്‍ ജഗതിയുടെ കഥാപാത്രം മനസില്‍ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍.

മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്കെത്തിയപ്പോള്‍ കൊമേഴ്‌സ്യല്‍ വാല്യുവിന് വേണ്ടി കുറച്ച് കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടി വന്നെന്ന് സിബി മലയില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ ചിത്രം ഹിറ്റായേനെയെന്നും സിബി മലയില്‍ പറഞ്ഞു. സിനിമ ഹിറ്റാകണമെങ്കില്‍ ഇതൊക്കെ ഉള്‍പ്പെടുത്തണമെന്ന് തെറ്റായ ധാരണയുടെ പുറത്താണ് ജഗതിയുടെ കഥപാത്രത്തെ സൃഷ്ടിച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രത്തിനെക്കുറിച്ചുള്ള ആദ്യ ചിന്തകളില്‍ ജഗതിയുടെ കഥാപാത്രം ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ ഈ സിനിമയിലേക്ക് എത്തിയപ്പോള്‍ സ്വാഭാവികമായി ഇത്തരം കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടി വന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ ജഗതിയുടെ കഥാപാത്രമൊന്നും ഇല്ലായിരുന്നെങ്കില്‍ സിനിമയുടെ റിസല്‍ട്ട് മറ്റൊന്നായേനെ. ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടെങ്കിലേ പടം ഓടുള്ളൂ എന്നായിരുന്നു അന്നത്തെ ധാരണ.

അത്തരത്തിലൊരു ധാരണയുടെ പുറത്താണ് ജഗതിയുടെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. റീ റിലീസിന് ശേഷം പടം കണ്ടവര്‍ക്ക് ജഗതിയുടെ കഥാപാത്രം ഇല്ലാത്തതില്‍ കുഴപ്പമൊന്നും തോന്നിയില്ല. ഇനി ജഗതിയുടെ സീനുകള്‍ കാണണമെങ്കില്‍ യൂട്യൂബിലെ വേര്‍ഷനില്‍ ഉണ്ടല്ലോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Jagathy Sreekumar’s character in Devadoothan

Latest Stories

We use cookies to give you the best possible experience. Learn more