| Thursday, 1st August 2024, 2:19 pm

ഭാവനയും അന്ന് ഓഡിഷന് ഉണ്ടായിരുന്നു, എന്നിട്ടും ഞാന്‍ തെരഞ്ഞെടുത്തത് നവ്യയെ, അതിനൊരു കാരണമുണ്ട്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയില്‍ സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇഷ്ടം. നവ്യ നായരുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. 15ാം വയസിലാണ് നവ്യ നായികയായി അരങ്ങേറുന്നത്. ചിത്രത്തിന്റെ ഓഡിഷന്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. മനോരമ വാരികയുടെ കവര്‍ പേജിലാണ് നവ്യയെ ആദ്യമായി കണ്ടതെന്ന് സിബി മലയില്‍ പറഞ്ഞു.

ആ ഫോട്ടോ കണ്ടപ്പോള്‍ തന്നെ മനോരമയുടെ ഓഫീസിലേക്ക് വിളിച്ച് നവ്യയുടെ വിവരങ്ങള്‍ അന്വോഷിച്ചെന്നും ആലപ്പുഴയിലാണ് വീടെന്ന് അറിഞ്ഞെന്നും സിബി മലയില്‍ പറഞ്ഞു. നവ്യയുടെ ഫാമിലിയുമായി ബന്ധപ്പെട്ട ശേഷം ഓഡിഷന് വരാന്‍ പറഞ്ഞെന്നും സിബി മലയില്‍ പറഞ്ഞു. അന്നത്തെ ഓഡിഷന് ഭാവനയും വന്നിരുന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

ഓഡിഷന്റെ സമയത്ത് എന്തെങ്കിലും അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞപ്പോള്‍ കലോത്സവത്തിന് സമ്മാനം കിട്ടിയ ഒരു തമിഴ് സ്‌കിറ്റാണ് നവ്യ പെര്‍ഫോം ചെയ്തതെന്നും ആ പെര്‍ഫോമന്‍സില്‍ നവ്യ കാണിച്ച കോണ്‍ഫിഡന്‍സാണ് ഇഷ്ടത്തിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്നും സിബി മലയില്‍ പറഞ്ഞു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘ഇഷ്ടം എന്ന സിനിമയിലേക്ക് പുതുമുഖനടിയെ വേണമെന്നായിരുന്നു ആദ്യം മുതലേ മനസില്‍ ഉണ്ടായിരുന്നത്. ആ സമയത്ത് മനോരമ വാരികയുടെ കവര്‍ പേജില്‍ നവ്യയുടെ ഒരു ഫോട്ടോ വന്നിരുന്നു. ആ ഫോട്ടോ കണ്ടപ്പോള്‍ ഈ സിനിമക്ക് ചേരുന്ന ആളാണന്ന് തോന്നി. മനോരമയുടെ ഓഫീസിലേക്ക് വിളിച്ച് നവ്യയുടെ ഡീറ്റെയില്‍സ് ചോദിച്ചറിഞ്ഞു.

ആലപ്പുഴയിലെ ഹരിപ്പാടാണ് വീടെന്നറിഞ്ഞു. നവ്യയുടെ വീട്ടുകാരുമായി കോണ്‍ടാക്ട് ചെയ്ത് ഓഡിഷന് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അന്നത്തെ ഓഡിഷന് ഭാവനയും പങ്കെടുത്തിരുന്നു. നവ്യയോട് എന്തെങ്കിലും പെര്‍ഫോം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ കലോത്സവത്തിന് അവര്‍ പെര്‍ഫോം ചെയ്ത തമിഴ് സ്‌കിറ്റാണ് കാണിച്ചത്. അതി ഗംഭീരമായി നവ്യ പെര്‍ഫോം ചെയ്തിരുന്നു. ആ പെര്‍ഫോമന്‍സില്‍ എനിക്ക് കോണ്‍ഫിഡന്‍സ് തോന്നിയതാണ് നവ്യയെ തെരഞ്ഞെടുക്കാന്‍ കാരണം,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Ishtam movie and Navya Nair

We use cookies to give you the best possible experience. Learn more