|

ഇതൊരു ഗുസ്തിപ്പടമാണ് സാർ മറ്റേതെങ്കിലും കാണുവെന്ന് ആ പയ്യൻ പറഞ്ഞു, ആ ഗുസ്തി പടം എന്റേതായിരുന്നു: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍.

50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യ സിനിമയായ മുത്താരം കുന്ന് പി.ഒ തിയേറ്ററിൽ കാണാൻ പോയപ്പോഴുള്ള അനുഭവം പറയുകയാണ് സിബി മലയിൽ. ജഗദീഷും ശ്രീനിവാസനും ചേർന്നായിരുന്നു മുത്താരം കുന്ന് പി.ഒയുടെ കഥ എഴുതിയത്. ഗുസ്തി പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് ആദ്യ ദിനം തിയേറ്ററിൽ വലിയ ആളുകൾ ഇല്ലായിരുന്നു എന്നാണ് സിബി പറയുന്നത്.

അന്ന് ഓപ്പോസിറ്റ് ഓടിയിരുന്നത് രണ്ട് മമ്മൂട്ടി സിനിമകൾ ആയിരുന്നുവെന്നും അതിന് വലിയ തിരക്കായിരുന്നുവെന്നും സിബി മലയിൽ പറയുന്നു. തിയേറ്ററിലെ ചായ വില്പനക്കാരൻ ആ മമ്മൂട്ടി ചിത്രങ്ങളിൽ ഏതെങ്കിലും ഒന്ന് കാണുന്നതാവും നല്ലതെന്ന് തന്നോട് പറഞ്ഞെന്നും സിബി പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനിൽ തന്റെ സിനിമാനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘റിലീസ് ദിവസം പാലക്കാട്ടെ ഒരു തിയേറ്ററിൽ മാറ്റിനിക്ക് കേറാൻ എന്റെ സഹോദരനും കുടുംബത്തിനുമൊപ്പം ഞാൻ നിൽക്കുകയാണ്. തൊട്ടടുത്ത രണ്ടു തിയേറ്ററുകളിൽ നല്ല തിരക്ക്. ഹിറ്റ് സിനിമകളാണ് ഓടുന്നത്. രണ്ടിലും മമ്മൂട്ടി നായകൻ.

നല്ല മഴയാണ്. എന്റെ സിനിമയോടുന്ന തിയേറ്ററിൽ ആളില്ല. തിയേറ്ററിലെ ചായ വില്പനക്കാരൻ പയ്യനോട് ഞാൻ അഭിപ്രായം ചോദിച്ചു. ഇതൊരു ഗുസ്തിപ്പടമാണ്. സാർ മറ്റ് രണ്ട് പടങ്ങളിൽ ഏതെങ്കിലുമൊന്ന് കാണ്, അതായിരുന്നു എൻ്റെ ആദ്യസിനിമയ്ക്ക് എനിക്ക് ലഭിച്ച ആദ്യ പ്രതികരണം. പടം വലുതായി ഓടിയില്ലെങ്കിലും എനിക്ക് നല്ല അഭിപ്രായം കിട്ടി. ഇയാൾക്ക് പടം ചെയ്യാനാകും എന്നതരത്തിലൊരു സ്വീകാര്യത എനിക്ക് നേടിത്തന്നു,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About His First Movie Theater Response

Latest Stories

Video Stories