|

മോഹൻലാലും റഹ്മാനും ഒന്നിക്കേണ്ട എന്റെ ആദ്യം ചിത്രം, പക്ഷെ ആ സംവിധായകന്റെ വാക്ക് കേട്ട് റഹ്മാൻ പിന്മാറി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍.

50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ് സിബി മലയില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ദശരഥം, കിരീടം, ആകാശദൂത് തുടങ്ങി മികച്ച ചിത്രങ്ങള്‍ സിബി മലയില്‍ ഒരുക്കിയിട്ടുണ്ട്.

മോഹൻലാൽ, റഹ്മാൻ എന്നിവരെ നായകൻമാരാക്കി ഒരുക്കാനിരുന്ന ആദ്യ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. അന്നത്തെ ഒരു സംവിധായകന്റെ വാക്ക് കേട്ട് റഹ്മാൻ തന്റെ സിനിമയിൽ നിന്ന് പിന്മാറിയെന്നും മോഹൻലാൽ അന്ന് മറ്റൊരു ചിത്രത്തിന്റെ തിരക്കിലായതിനാൽ സിനിമ മുടങ്ങിയെന്നും സിബി മലയിൽ പറയുന്നു.

പിന്നീട് ജഗദീഷാണ് ഒരു കഥയുണ്ടെന്ന് തന്നോട് പറയുന്നതെന്നും അതാണ് ഒടുവിൽ തന്റെ ആദ്യ സിനിമയായി മാറിയതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ കഥ തേടി രഘുനാഥ് പലേരിയെ വിളിച്ചു. മോഹൻലാലിനെയും റഹ്‌മാനെയും രോഹിണിയെയും മനസിൽ കണ്ട് രഘു ഒരു കഥയൊരുക്കി. ലാൽ അന്ന് നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവിടെ ചെന്ന് ലാലിനോട് കാര്യം പറഞ്ഞു. അമ്പലപ്പുഴയിലെ ലൊക്കേഷനിൽ ചെന്ന് റഹ്മാനെയും കണ്ടു.

സിനിമ ഏകദേശം തുടങ്ങാറായപ്പോൾ ലാൽ മറ്റേതോ പ്രൊജക്ടിന്റെ തിരക്കിലായി. റഹ്‌മാന്റെയടുത്തേക്ക് ഞാൻ മാനേജരെ വിട്ടു. എനിക്ക് സിനിമയെപ്പറ്റിയൊന്നും അറിയില്ല, അതുകൊണ്ട് എന്റെ സിനിമയിൽനിന്ന് പിന്മാറുന്നതാണ് നല്ലതെന്ന്, അന്നഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിൻ്റെ സംവിധായകൻ റഹ്‌മാനോട് പറഞ്ഞത്രേ. അങ്ങനെ റഹ്‌മാൻ പിന്മാറി.

ഞാൻ വീണ്ടും നിരാശയറിഞ്ഞു തുടങ്ങി. എല്ലാവരും കളഞ്ഞിട്ട് പോയല്ലോ. പക്ഷേ, സാരമില്ല. നിങ്ങൾ ഇഷ്ടമുള്ളവരെവെച്ച് ഇഷ്ടമുള്ള കഥ സിനിമയാക്കു, ഞാനത് നിർമിക്കാമെന്ന് ഉറപ്പുതന്ന് അപ്പോഴും നിർമാതാവ് കൂടെ നിന്നു. അതൊരു വല്ലാത്ത ബലമായിരുന്നു.

അങ്ങനെ പുതിയൊരു കഥ നോക്കിത്തുടങ്ങി. പ്രിയൻ്റെ സിനിമകളിലുടെ എനിക്ക് ജഗദീഷിനെ പരിചയമുണ്ട്. കൈയിൽ ഒരു കഥയുണ്ടെന്നും ആ കഥ ശ്രീനിവാസന് ഇഷ്ടമായെന്നും ജഗദീഷ് പറഞ്ഞു. അങ്ങനെ അതാണ് ഒടുവിൽ എന്റെ ആദ്യ ചിത്രമായ മുത്താരം കുന്ന് പി.ഒ ആയത്,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About His Dropped Movie With Mohanlal And Rahman

Video Stories