കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം 4K റീ മാസ്റ്റേർഡായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ദേവദൂതൻ അന്ന് പരാജയപ്പെടാനുള്ള കാരണവും ഇന്ന് പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷവും പങ്കുവെക്കുകയാണ് സിബി മലയിൽ. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാളികൾക്കു പരിചിതമായ കഥയോ കഥാപശ്ചാത്തലമോ ആയിരുന്നില്ല ദേവദൂതന്റേത്. ഞാൻ ആദ്യം മനസ്സിൽക്കണ്ട ചിത്രം ആയിരുന്നില്ല ഒടുവിൽ തിയേറ്ററിൽ എത്തിയതും. മോഹൻ ലാൽ അന്നു നരസിംഹം ഒക്കെ ചെയ്തു സൂപ്പർതാര പരിവേഷത്തിന്റെ കൊടുമുടിയിൽ നിൽക്കുകയാണ്.
ദേവദൂതനിലെ നായക കഥാപാത്രമാകട്ടെ അതിനു നേരെ വിപരീതവും. കഥാപാത്രത്തിന്റെ ഹീറോയിസത്തിനായിരുന്നു അന്നു പ്രേക്ഷകർ കൂടുതൽ. ആ താത്പര്യത്തെ ഒട്ടും തൃപ്തിപ്പെടുത്തുന്ന കഥയോ കഥാപാത്രമോ ആയിരുന്നില്ല ദേവദൂതന്റേത്. ഇതു തന്നെയായിരുന്നു പരാജയത്തിന്റെ പ്രധാന കാരണവും.
അന്ന് ചിത്രം പരാജയപ്പെട്ടെങ്കിലും മറ്റേതെങ്കിലും ഭാഷയിൽ ആദ്യം മനസ്സിൽക്കണ്ട രീതിയിൽ ചിത്രം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാൽ, അതിന് അവസരം ഉണ്ടായില്ല. പിന്നീട് കൊവിഡ് കാലത്താണ് ചിത്രത്തെപ്പറ്റി സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വലിയ ചർച്ചകളുണ്ടായത്.
രണ്ടായിരത്തിൽ ജനിച്ചിട്ടില്ലാത്ത, അന്നു തിയേറ്ററിൽ ഈ ചിത്രം കണ്ടിട്ടില്ലാത്ത ചെറുപ്പക്കാർ യുട്യൂബിലും മറ്റും ചിത്രം കണ്ടു ചർച്ച നടത്തുന്നത് അതിശയിപ്പിച്ചു,’സിബി പറയുന്നു
Content Highlight: Sibi Malayil About Failour Of Devadhoothan And Acceptance Of Devadhoothan Rerlease