മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്. ഇറങ്ങിയ സമയത്ത് പരാജയം നേരിട്ടുവെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം ക്ലാസിക്കാണെന്ന് പലരും വാഴ്ത്തി. 4k സാങ്കേതിമികവില് റീമാസ്റ്റര്‍ ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ചിത്രത്തിലെ നായികയായ അലീന എന്ന കഥാപാത്രത്തിന്റെ പേര് സ്ക്രിപ്റ്റ് എഴുതിയ സമയത്ത് താന്‍ ശ്രദ്ധിച്ചുവെന്നും ആ പേരില്‍ ഒരു പുതുമ ഉണ്ടായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു. എന്നാല്‍ ദേവദൂതന് റിലീസാകുന്നതിന് മുന്നേ തിരക്കഥാകൃത്ത് രഘുനാഥ് പലേരി ആ പേര് മോഷ്ടിച്ചുവെന്നും അദ്ദേഹത്തിന്റെ ആദ്യത്തെ സ്ക്രിപ്റ്റായ ഒന്നു മുതല്‍ പൂജ്യം വരെയിലെ നായികക്ക് നല്‍കിയെന്നും സിബി മലയില്‍ പറഞ്ഞു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.
എന്റെ ആദ്യസിനിമയായി ചെയ്യാനുദ്ദേശിച്ച കഥയാണ് ദേവദൂതന്. രഘു എന്നോട് ഈ കഥ പറഞ്ഞപ്പോള്‍ തന്നെ അലീന എന്ന പേര് എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പക്ഷേ ദേവദൂതന് ഇറങ്ങുന്നതിന് മുമ്പ് ആ പേര് മോഷണം പോയിരുന്നു. മോഷ്ടിച്ചത് വേറെയാരുമല്ല, ഇതിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ്.
അദ്ദേഹത്തിന്റെ ആദ്യസിനിമയായ ഒന്നു മുതല്‍ പൂജ്യം വരെയിലെ നായികക്ക് നല്കിയ പേര് അലീന എന്നായിരുന്നു. ആശാ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന് രഘു അലീന എന്ന പേര് നല്കി ആ സിനിമയിലും മോഹന്‍ലാലായിരുന്നു നായകന്. കാലങ്ങള്‍ക്ക് ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തില്‍ അലീന എന്ന പേര് ഉപയോഗിച്ചു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil about Devadoothan movie and Raghunath Paleri