മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവദൂതന്‍. ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിച്ച ചിത്രം പക്ഷേ വലിയ പരാജയം നേരിടേണ്ടി വന്നു.
ചിത്രത്തില്‍ മോഹന്‍ലാലിനെ ആയിരുന്നില്ല താന്‍ നായകനായി കണ്ടിരുന്നതെന്നും മോഹന്‍ലാല്‍ നായകനായി എത്തിയതോടെ കഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും സിബി മലയില്‍ പറയുന്നു.
ലാല്‍ ചെയ്ത കഥാപാത്രം തമിഴ് നടന്‍ മാധവനായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മോഹന്‍ലാലിന് ആ കഥാപാത്രം ചേരില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും എന്നാല്‍ ആ സിനിമ ചെയ്യണമെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിച്ചെന്നും സിബി മലയില്‍ പറഞ്ഞു. ദേവദൂതന്‍ സിനിമയെ കുറിച്ച് കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ 17 വര്‍ഷം മുന്‍പെഴുതിയ ഒരു കഥയെ പൊളിച്ചാണ് ദേവദൂതന്റെ തിരക്കഥ എഴുതുന്നത്. ക്യാമ്പസ് സ്റ്റോറിയാക്കിയാണ് പ്ലാന്‍ ചെയ്തത്. ഒരു ചെറുപ്പക്കാരനും പെണ്‍കുട്ടിയും അവരുടെ പ്രണയവുമൊക്കെ ചേര്‍ത്തിട്ട് പ്രധാനപ്പെട്ട കഥയിലേക്ക് എത്തുന്ന രീതിയിലാണ് കഥ രൂപപ്പെടുത്തിയത്.
കാമ്പസ് സ്റ്റോറിയാക്കി ഞങ്ങള്‍ അതിനെ മാറ്റി. എഴുത്തുപൂര്‍ത്തിയാക്കി. പുതിയ അഭിനേതാക്കളെ അന്വേഷിച്ചു തുടങ്ങി. അക്കാലത്ത് ഹിന്ദി സീരിയലുകളിലൊക്കെ അഭിനയിച്ച നടനായിരുന്നു മാധവന്‍. പിന്നെ മാധവന്‍ അറിയപ്പെടുന്ന നടനായി സിനിമയിലെത്തി. അദ്ദേഹത്തെ നായകനാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പുതിയ നായികയെയും ആലോചിച്ചു. അന്ന് മാധവനെ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹം മണിരത്‌നത്തിനൊപ്പം അലൈപ്പായുതേ എന്ന സിനിമയ്ക്ക് വേണ്ടി കമ്മിറ്റ് ചെയ്തിരുന്നു. ആറ് മാസത്തേക്ക് അദ്ദേഹത്തിന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നീടും ഞങ്ങള്‍ വേറെ ആളുകളെ അന്വേഷിച്ചു. അതിനിടയ്ക്ക് വളരെ യാദൃശ്ചികമായ മോഹന്‍ലാല്‍ ഈ കഥ കേള്‍ക്കുകയും അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നെ സംബന്ധിച്ചിടത്തോലം മോഹന്‍ലാല്‍ ആ കഥാപാത്രത്തിന് യോജിക്കുന്ന ആളല്ല. ഇതൊരു കാമ്പസില്‍ പഠിക്കുന്ന ആളാണ്. മോഹന്‍ലാല്‍ ആകുമ്പോള്‍ നമ്മള്‍ക്ക് ആ രീതിയില്‍ ചെയ്യാന്‍ കഴിയില്ലെന്ന ചിന്ത ഉള്ളതുകൊണ്ട് ഞാന്‍ അധികം ആഭിമുഖ്യം കാണിച്ചില്ല.
എന്നാല്‍ മോഹന്‍ലാല്‍ ഇങ്ങനെ ഒരു കഥ ഇങ്ങോട്ട് ആവശ്യപ്പെടുകയും ആഗ്രഹിക്കുകയും ചെയ്തതുകൊണ്ട് അത് ഉപയോഗപ്പെടുത്തേണ്ടേ എന്ന ചിന്ത നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് വന്നു. അദ്ദേഹത്തിന് വേണ്ടി മറ്റൊരു കഥ കണ്ട് മറ്റൊരു സിനിമ ചെയ്യാമെന്ന നിര്‍ദേശം ഞാന്‍ വെച്ചു. ഒന്ന് രണ്ട് കഥ കേട്ടെങ്കിലും തൃപ്തികരമായി തോന്നിയില്ല.
അങ്ങനെ ഈ സിനിമ പെട്ടെന്ന് തന്നെ ചെയ്യണമെന്ന തീരുമാനം മോഹന്‍ലാലിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മോഹന്‍ലാലിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി കഥയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നു. സ്വഭാവ വിശേഷണത്തിലും മറ്റും.
അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുടേതാക്കി കഥ മാറ്റി. അതിനോട് എനിക്കും രഘുനാഥ് പലേരിക്കും പൂര്‍ണമായും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് പ്രഷര്‍ വന്നപ്പോള്‍ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. പൂര്‍ണമനസോടെയല്ലാതെ ഞങ്ങള്‍ ആ സിനിമ ചെയ്തു.
മോഹന്‍ലാല്‍ വന്നതോടെ ആ കഥാപാത്രത്തിലേക്ക് പ്രധാന്യം കൂടുകയും അന്ധഗായകന്റെ കഥാപാത്രം പശ്ചാത്തലത്തിലേക്ക് മാറുകയും ചെയ്തു.
സിനിമയില്‍ അന്ധഗായകനെ കാത്തിരിക്കുന്ന കാമുകിയുടെ വേഷത്തിലേക്ക് ആദ്യം ആലോചിച്ചത് ഹിന്ദി നടി രേഖയെ ആയിരുന്നു. ഞങ്ങള്‍ ബോംബെയില്‍ പോയി അവരോട് സംസാരിച്ചു. അവരുടെ നിബന്ധനകളും സമയക്രമവും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ട് അത് ഒഴിവാക്കി. അങ്ങനെയാണ് ജയപ്രദയില്‍ എത്തുന്നത്. അവര്‍ വലിയ താത്പര്യപൂര്‍വം വരികയും അഭിനയിക്കുകയും ചയ്തു.
യഥാര്‍ത്ഥത്തില്‍ 1983 ല്‍ പ്ലാന്‍ ചെയ്ത സിനിമയായിരുന്നു ഇത്. നസറുദ്ദീന്‍ ഷായും മാധവിയുമായിരുന്നു ഈ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നത്’, സിബി മലയില്‍ പറഞ്ഞു.
Content Highlight: Sibi Malayil About Devadoothan Movie and Mohanlal