| Thursday, 28th September 2023, 1:30 pm

അത്രയും വെല്ലുവിളി നിറഞ്ഞ ഒരു സീന്‍ ഞാന്‍ ചെയ്തിരുന്നില്ല, അത്രയും വൈകാരികത നിറഞ്ഞ രംഗമായിരുന്നു അത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായനാക്കി ഒരുക്കിയ ദശരഥം എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ദശരഥത്തില്‍ താന്‍ ഏറെ വെല്ലുവിളി നേരിട്ട് ഷൂട്ട് ചെയ്ത രംഗത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

സനിമയില്‍ മോഹന്‍ലാല്‍ നെടുമുടി വേണുവിന്റെ കഥാപാത്രത്തോട് മകനായ തൊമ്മിയെ തനിക്ക് തരുമോയെന്ന് ചോദിക്കുന്ന സീനിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. സിനിമയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഇതാണെന്നും സിബി മലയില്‍ പറയുന്നു.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദശരഥത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട രംഗം മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റെയും നിര്‍ണായകമായ ഒരു സീനാണ്. അങ്ങനെ ഒരു രംഗം മലയാള സിനിമയില്‍ വേറെയില്ല.

മോഹന്‍ലാലിന്റെ വീട്ടില്‍ വന്ന് വേണുചേട്ടന്റെ ഫാമിലി താമസിക്കുന്ന ഒരു രംഗമുണ്ട്. ആ സമയത്ത് ആ വീട് ആകെ മാറുകയാണ്. മുമ്പ് എല്ലാ ചിട്ട വട്ടങ്ങളോടും കൂടി ഇരുന്ന വീട് കുട്ടികളുടെ വരവോടെ മാറുന്നതാണ് കാണിക്കുന്നത്.

കുട്ടികള്‍ വന്നതിനുശേഷം കളിപാട്ടങ്ങളെല്ലാം വീട്ടില്‍ ചിതറി തെറിച്ച് വീട് മുഴുവന്‍ അലങ്കോലമായി കിടക്കുന്നുണ്ട്. എന്നാലും മോഹലാലിന്റെ കഥാപാത്രം അതെല്ലാം ആസ്വദിക്കുകയാണ്. ആ വീട് മനുഷ്യന്മാര്‍ താമസിച്ച സ്ഥലം പോലെയായി മാറുന്നത് കുട്ടികളുടെ വരവോടെയാണ്.

അതിന് ശേഷം കുട്ടികള്‍ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. പിന്നെ നമ്മള്‍ കാണുന്നത് രാജീവ് മേനോന്‍ എന്ന കഥാപാത്രം, തിരിച്ചുവരുന്ന വേണുചേട്ടന്റെ കഥാപാത്രത്തെ വിളിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും അവര്‍ ഒരുമിച്ച് ബാറില്‍ പോയി ഇരുന്ന് സംസാരിക്കുന്നതുമായ രംഗമാണ്. ഈ സീനില്‍ നെടുമുടി ചേട്ടന്റെ കഥാപാത്രത്തോട് അദ്ദേഹത്തിന്റെ മകനായ തൊമ്മിയെ തനിക്ക് തരുമോയെന്ന് ലാലിന്റെ കഥാപാത്രമായ രാജീവ് മേനോന്‍ ചോദിക്കുകയാണ്.

ഇത്രയും വൈകാരികമായ ഒരു സീന്‍ ബാറില്‍വച്ച് ഷൂട്ട് ചെയ്യാന്‍ എനിക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു. എറണാകുളത്തെ ഒരു ചൈനീസ് റസ്റ്റോറന്റില്‍ രാത്രിയാണ് ഷൂട്ട് പ്ലാന്‍ ചെയ്തത്.

ആ രണ്ട് കഥാപാത്രവും ഇരുന്നുകൊണ്ട് വേണം ആ സീന്‍ ചെയ്യാന്‍. വേറെ കഥാപാത്രങ്ങളോ മൂവ്‌മെന്റുകളോ ഇല്ല. ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു സീന്‍ ഞാന്‍ വേറെ ചെയ്തിരുന്നില്ല, അത് അത്രയും വൈകാരികത നിറഞ്ഞ രംഗമായിരുന്നു.

പെട്ടെന്ന് എനിക്ക് ഒരു വെളിപാട് തോന്നി. ഞാന്‍ അവര്‍ രണ്ടുപേരെയും വിളിച്ച് ഈ സീന്‍ ക്ലോസപ്പില്‍ മാത്രമേ ഷൂട്ട് ചെയ്യുന്നുള്ളു എന്ന് പറഞ്ഞു. രണ്ട് പേരും ഓപ്പോസിറ്റായിട്ട് ഇരിക്കണം.

പിറകിലുള്ള കാഴ്ചകളൊന്നും അധികം ലൈറ്റ് അപ്പ് ചെയ്തിരുന്നില്ല. അവരെ രണ്ട് പേരേയും അവരുടെ ടേബിളും മാത്രമാണ് ഹൈലൈറ്റ് ചെയ്തത്. മുഖത്തെ ഭാവങ്ങള്‍ മാത്രം എനിക്ക് മതി. ശരീരത്തിന്റെ ഒരു ഭാഗവും എനിക്ക് വേണ്ട. നിങ്ങളുടെ കണ്ണുകളും മുഖവും മാത്രം മതിയെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെ രണ്ടു പേരും ഓപ്പോസിറ്റായി ഇരുന്നു. ഇടയില്‍ ക്യാമറയുണ്ടാകും. ഡയലോഗ് മുഴുവന്‍ ഒറ്റ സെറ്റില്‍ ലാല്‍ പറയും. അതിനിടയില്‍ വേണുചേട്ടന് തീരുമാനിക്കാനുള്ള സമയവും ലാഗും എല്ലാം ഉള്‍കൊണ്ടുള്ള ടൈമിങും നോക്കി വേണം ലാല്‍ ചെയ്യാന്‍.

ക്യാമറ ഇവിടെ ഓടികൊണ്ടേയിരിക്കും. പിന്നെ വേണുച്ചേട്ടന്റെ ഒരു ചെറിയ പ്രതിഫലനം എനിക്ക് ലാലിന്റെ കണ്ണില്‍ കിട്ടണം. നേരെ തിരിച്ചും. ആ സീന്‍ സൂക്ഷിച്ചു കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാകും.

അങ്ങനെ ലാലിന്റെ ഭാഗത്ത് നിന്ന് വേണുചേട്ടന്റെ ഷോട്ട് എടുത്തു. അങ്ങനെ കുറച്ച് ഷോട്ടുകളും ഇടയില്‍ ചില ഗ്ലാസിന്റെ ഷോട്ടും വെച്ചാണ് ആ സീന്‍ ചെയ്തത്. പിന്നീട് ആ സീന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഗംഭീരമായിരുന്നു’, സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi malayil about Dasharadham Movie and a particular scene

Latest Stories

We use cookies to give you the best possible experience. Learn more