ദശരഥം ക്ലൈമാക്‌സില്‍ ലാലിനോട് എങ്ങനെ അഭിനയിക്കണമെന്ന് അധികം വിശദീകരിച്ചിട്ടില്ല, ഒറ്റടേക്കില്‍ അയാളത് ഓക്കെയാക്കി: സിബി മലയില്‍
Entertainment
ദശരഥം ക്ലൈമാക്‌സില്‍ ലാലിനോട് എങ്ങനെ അഭിനയിക്കണമെന്ന് അധികം വിശദീകരിച്ചിട്ടില്ല, ഒറ്റടേക്കില്‍ അയാളത് ഓക്കെയാക്കി: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th July 2024, 2:18 pm

മലയാളസിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് മോഹന്‍ലാല്‍- സിബി മലയില്‍. കിരീടം, ദശരഥം, സദയം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകള്‍ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്നവയാണ്. ഇരുവരുമൊന്നിച്ച ദശരഥം ഇന്നും മലയാളികളുടെ ഉള്ളുലക്കുന്ന സിനിമകളിലൊന്നാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രാജീവ് മേനോന്‍ എന്ന കഥാപാത്രം ചിരിച്ചുകൊണ്ട് കരയുന്ന സീന്‍ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങളിലൊന്നാണ്.

ആ സീന്‍ എടുക്കുന്നതിന് മുമ്പ് ആ കഥാപാത്രത്തിന്റെ അവസ്ഥ എങ്ങനെയാണ് എന്ന് മോഹന്‍ലാലിനോട് അധികം വിശീകരിച്ചുകൊടുത്തില്ലെന്നും ഒറ്റടേക്കില്‍ ലാല്‍ അത് ഗംഭീരമാക്കിയെന്നും സിബി മലയില്‍ പറഞ്ഞു. വേറെ ഏതൊരു നടനാണെങ്കിലും ആ കഥാപാത്രത്തിന്റെ ആദ്യം മുതലുള്ള അവസ്ഥ വിശദമാക്കി കൊടുക്കേണ്ടി വരുമായിരുന്നുവെന്നും മോഹന്‍ലാലിന് അത് വേണ്ടി വന്നില്ലെന്നും സിബി മലയില്‍ പറഞ്ഞു.

അനാഥത്വത്തില്‍ നിന്ന് കരകയറുമെന്ന് പ്രതീക്ഷ ഉണ്ടാവുകയും പിന്നീട് വീണ്ടും അനാഥത്വത്തിലേക്ക് പോകുമ്പോള്‍ മാഗി എന്ന സ്ത്രീ മാത്രമേ കൂടെയുള്ളൂ എന്ന് തിരിച്ചറിയുമ്പോള്‍ സന്തോഷവും കരച്ചിലും ഒന്നിച്ച് വരണമെന്ന അവസ്ഥ ലാല്‍ ഗംഭീരമാക്കിയെന്നും സിബി കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘ദശരഥത്തിനെ സംബന്ധിച്ച് രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചറിവാണ് ആ ക്ലൈമാക്‌സ്. അനാഥനായി ജീവിക്കേണ്ടി വരുന്ന അയാള്‍ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നത്, അതിന് വേണ്ടി തെരഞ്ഞെടുത്ത സ്ത്രീയെ നല്ല രീതിയില്‍ പരിപാലിക്കുന്നത് എല്ലാം അയാളുടെ അനാഥത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ്. ഏറ്റവുമൊടുവില്‍ തിരിച്ചറിവ് വരുമ്പോള്‍ ആ കുഞ്ഞിനെ അവന്റെ അമ്മക്ക് തന്നെ തിരികെ കൊടുക്കുന്നിടത്താണ് സിനിമയുടെ ക്ലൈമാക്‌സ്.

ആ അവസരത്തില്‍ തന്റെ കൂടെയുള്ള മാഗി എന്ന സ്ത്രീയോട് തന്നെ സ്വന്തം മകനായി കാണാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന സീന്‍ ആ അനാഥത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്നതാണ്. ഒരേ സമയം സങ്കടവും അതിനോടൊപ്പം സന്തോഷവും എക്‌സ്പ്രസ് ചെയ്യേണ്ട സീനാണ്. ലാലിനോട് ഈ സീനിനെപ്പറ്റി പറഞ്ഞപ്പോള്‍ ഇത്രയും വിശദീകരിച്ചിട്ടില്ല. ചിരിച്ചുകൊണ്ട് കരയണം, ഇതാണ് സിറ്റുവേഷന്‍ എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഒറ്റ ടേക്കില്‍ അയാളത് ചെയ്തുവെച്ചു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Dasaratham movie climax and Mohanlal