ആ ഷാരൂഖ് ചിത്രത്തിന് വേണ്ടി സന്തോഷ് പ്രണയവര്‍ണങ്ങളില്‍ നിന്ന് പിന്മാറി, ദേവദൂതന്റെ സമയത്താണ് പിന്നീട് അയാള്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തത്: സിബി മലയില്‍
Entertainment
ആ ഷാരൂഖ് ചിത്രത്തിന് വേണ്ടി സന്തോഷ് പ്രണയവര്‍ണങ്ങളില്‍ നിന്ന് പിന്മാറി, ദേവദൂതന്റെ സമയത്താണ് പിന്നീട് അയാള്‍ എന്റെ കൂടെ വര്‍ക്ക് ചെയ്തത്: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 9:01 pm

മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന സിബി, 1985ല്‍ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് 37 വര്‍ഷത്തിനിടയില്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്തു.

ദേവദൂതന്‍ എന്ന സിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച സന്തോഷ് തുണ്ടിയിലിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. വേണുവിന്റെ അസിസ്റ്റന്റായി നില്‍ക്കുന്ന സമയത്താണ് താന്‍ സന്തോഷിനെ ആദ്യമായി കാണുന്നതെന്ന് സിബി മലയില്‍ പറഞ്ഞു. പിന്നീട് പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സ്വതന്ത്ര ഛായാഗ്രഹകനായതെന്നും ആ ചിത്രത്തിന്റെ പകുതിയായപ്പോള്‍ കുഛ് ചുഛ് ഹോത്താ ഹേയിലേക്ക് സന്തോഷിനെ വിളിച്ചെന്നും സിബി മലയില്‍ പറഞ്ഞു.

ആ ചിത്രത്തിന് വേണ്ടി സന്തോഷ് പോയപ്പോള്‍ അയാളുടെ സഹായികളായിരുന്നു രാജീവ് രവിയാണ് പിന്നീട് ചിത്രം പൂര്‍ത്തിയാക്കിയതെന്നും സിബി മലയില്‍ പറഞ്ഞു. പിന്നീട് ദേവദൂതന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് ക്യാമറ ചെയ്യാന്‍ ആദ്യം സന്തോഷ് ശിവനെ നോക്കിയെന്നും നടക്കാതെ വന്നപ്പോള്‍ സന്തോഷിലേക്ക് എത്തിയെന്നും സിബി മലയില്‍ പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

‘സന്തോഷ് തുണ്ടിയിലിനെ ഞാന്‍ ആദ്യമായി കാണുന്ന സമയത്ത് അയാള്‍ വേണുവിന്റെ അസിസ്റ്റന്റായിരുന്നു. ആ സമയത്ത് തന്നെ അയാള്‍ ടാലന്റഡാണെന്ന് മനസിലായി. കാരണം, വേണു ചില സീനുകള്‍ സന്തോഷിനെക്കൊണ്ട് എടുപ്പിച്ചിരുന്നു. സാധാരണ അസിസ്റ്റന്റുകളെക്കൊണ്ട് സീന്‍ എടുപ്പിക്കാത്തയാളാണ് വേണു. പിന്നീട് പ്രണയവര്‍ണങ്ങള്‍ ചെയ്യാന്‍ ഞാന്‍ സന്തോഷിനെ ഏല്പിച്ചു.

ആ സിനിമ ഏറെക്കുറെ തീരാറായപ്പോള്‍ അയാള്‍ക്ക് ഹിന്ദിയില്‍ നിന്ന് വിളി വന്നു. ഷാരൂഖ് ഖാന്റെ കുഛ് കുഛ് ഹോത്താ ഹേയ്ക്ക് ക്യാമറ ചെയ്യാന്‍ വേണ്ടി സന്തോഷിന് പോകേണ്ടി വന്നു. പിന്നീട് ആ സിനിമ തീര്‍ത്തത് സന്തോഷിന്റെ സഹായികളായ രാജീവ് രവിയും പ്രകാശ് കോട്ടിയുമാണ് പ്രണയവര്‍ണങ്ങള്‍ കംപ്ലീറ്റ് ചെയ്തത്. പിന്നീട് ദേവദൂതന്‍ ചെയ്യുന്ന സമയത്ത് എന്റെ മനസില്‍ സന്തോഷ് ശിവനായിരുന്നു. അത് നടക്കാതെ വന്നപ്പോള്‍ സന്തോഷ് തുണ്ടിയിലിനെ സമീപിച്ചു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about cinematographer Santhosh Thundiyil and Devadoothan