| Wednesday, 18th September 2024, 7:51 am

അന്ന് സെറ്റിൽ കരഞ്ഞിരുന്ന യുവനടൻ ഇന്ന് അഭിനയത്തിലൂടെ അമ്പരപ്പിക്കുന്നു: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയ ജീവിതത്തിലെ പതിനഞ്ചാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ കിഷ്ക്കിന്ധ കാണ്ഡത്തിലൂടെ വീണ്ടും ചർച്ചയാവുകയാണ് ആസിഫ് അലിയുടെ അഭിനയം. ശ്യാമ പ്രസാദ് ഒരുക്കിയ ഋതുവിലൂടെ സിനിമ കരിയർ തുടങ്ങിയ ആസിഫ് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്.

കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള ആസിഫ്, സിബി മലയിലിനൊപ്പം വയലിൻ, ഉന്നം, അപൂർവരാഗം തുടങ്ങിയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആസിഫ് അലിയുടെ അഭിനയത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ.

അപൂർവ രാഗത്തിന്റെ ലൊക്കേഷനിൽ ഡാൻസ് നന്നായി ചെയ്യാൻ കഴിയാതെ കരഞ്ഞിരിക്കുന്ന ആസിഫിനെ താൻ കണ്ടിട്ടുണ്ടെന്നും അതെല്ലാം മാറി ഒരു നടൻ എന്ന നിലയിൽ ഇന്ന് അമ്പരപ്പിക്കുന്ന അഭിനേതാവാണ് ആസിഫ് അലിയെന്നും സിബി മലയിൽ പറയുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് ആസിഫ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഋതുവിന് ശേഷം ആസിഫിന് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി കൊടുത്ത ചിത്രമായിരുന്നു അപൂർവ രാഗം. ആസിഫുമായി കണക്റ്റ് ചെയ്ത് ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഓർമ വരുന്ന ഒരു സംഭവമുണ്ട്.

ഞാൻ രാവിലെ ലൊക്കേഷനിലേക്ക് എത്തുമ്പോൾ, ഡാൻസ് നന്നായി ചെയ്യാൻ കഴിയാത്ത സങ്കടത്തിൽ ബൈക്കിന്റെ സൈഡിൽ ഇരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന ആസിഫിനെ കാണുമായിരുന്നു.

എന്റെ അടുത്ത് വന്ന് പറയുകയും ചെയ്തു, എനിക്ക് ഡാൻസ് ശരിയാവുന്നില്ല, എന്നെയൊന്ന് ഒഴിവാക്കാമോയെന്ന്. പക്ഷെ ഇപ്പോൾ എനിക്കറിയാം നന്നായി ഡാൻസ് ചെയ്യാനുള്ള കോൺഫിഡൻസ് ആസിഫിനുണ്ട്.

അതുപോലെ 2010ൽ അപൂർവ രാഗം ചെയ്ത് കഴിഞ്ഞ ശേഷം 2020ൽ കൊത്തിലേക്ക് എത്തുമ്പോൾ ഒരു നടൻ എന്ന നിലയിൽ ആസിഫിന് വന്ന മാറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്. അഭിനേതാവെന്ന നിലയിൽ ഇപ്പോൾ ആസിഫിനുള്ള പക്വത കാണുമ്പോൾ വലിയ സന്തോഷമുണ്ട്.

ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട്. അതിന് പറ്റുന്ന തരത്തിലുള്ള സിനിമകളിൽ ശ്രദ്ധ പുലർത്തണം, പറ്റുന്ന കഥകൾ കണ്ടെത്തണം. അതിന് സാധിക്കട്ടെ. കരിയർ വളരെ ശ്രദ്ധയോടെ കൊണ്ടുപോവാനുള്ള ശ്രദ്ധ ആസിഫിന് തന്നെ ഉണ്ടാവണം,’സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayil About Changes In Asif Ali’s Acting

We use cookies to give you the best possible experience. Learn more