വേൾഡ് ക്ലാസ് ലെവലിലേക്ക് എത്തേണ്ട രണ്ടുപേർ, ഇവിടെ ജനിച്ചതുകൊണ്ട് മാത്രം ഒതുങ്ങിപ്പോയി: സിബി മലയിൽ
Entertainment
വേൾഡ് ക്ലാസ് ലെവലിലേക്ക് എത്തേണ്ട രണ്ടുപേർ, ഇവിടെ ജനിച്ചതുകൊണ്ട് മാത്രം ഒതുങ്ങിപ്പോയി: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st July 2024, 10:27 am

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. വ്യത്യസ്തമായ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കളെ വേണ്ട പോലെ ഉപയോഗിച്ച ഒരു സംവിധായകൻ കൂടെയാണ്. കിരീടം, സദയം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു.

മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് പറയുകയാണ് സിബി മലയിൽ. മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ചൊരു സിനിമ ചെയ്യാൻ ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം.

അവർ ഒന്നിച്ചുള്ള ചിത്രമെന്ന ആഗ്രഹം അത്ര പെട്ടെന്നൊന്നും മനസിൽ നിന്ന് പോവില്ലെന്നും ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളാണ് ഇരുവരുമെന്നും സിബി മലയാളം പറയുന്നു. കേരളം പോലൊരു ചെറിയ സംസ്ഥാനത്തിൽ അല്ലായിരുന്നുവെങ്കിൽ വേൾഡ് ക്ലാസ് ലെവലിലേക്ക് എത്തേണ്ടവരാണ് രണ്ടുപേരുമെന്നും അദ്ദേഹം കൗമുദി മൂവീസിനോട് പറഞ്ഞു.

‘അവർ രണ്ടുപേരും ഒന്നിച്ചുള്ളൊരു ചിത്രമെന്ന ആഗ്രഹമൊന്നും പെട്ടെന്ന് നമ്മുടെ മനസിൽ നിന്ന് പോവില്ല. അവരുടെ അഭിനയങ്ങൾ നമ്മൾ എപ്പോഴും എൻജോയ് ചെയ്യാറുണ്ട്.

ഏറ്റവും ബ്രില്ല്യന്റായിട്ടുള്ള ലോകം കണ്ട മികച്ച അഭിനേതാക്കളാണ് മോഹൻലാലും മമ്മൂട്ടിയും. അവർ ചെറിയ സംസ്ഥാനത്ത്, ചെറിയ ഭാഷയിൽ ജനിച്ചതുകൊണ്ട് മാത്രം ഒതുങ്ങിപ്പോയതാണ്. അല്ലെങ്കിൽ ഒരു വേൾഡ് ക്ലാസ്സ്‌ ലെവലിലേക്ക് എത്തേണ്ടവരാണ് രണ്ടുപേരും,’സിബി മലയിൽ പറയുന്നു.

അതേസമയം കാത്തിരിപ്പിനൊടുവിൽ സിബി മലയിൽ ചിത്രം ദേവദൂതൻ വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു. റീ റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് എല്ലാ തിയേറ്ററിൽ നിന്നും ചിത്രം നേടുന്നത്.

 

Content Highlight: Sibi Malayil About Acting Of Mammootty And Mohanlal