ഒരു സ്വപ്‌നത്തില്‍ നിന്നാണ് ആ മോഹന്‍ലാല്‍ ചിത്രത്തിന്റ കഥ ലോഹിതദാസ് തയാറാക്കിയത്: സിബി മലയില്‍
Entertainment
ഒരു സ്വപ്‌നത്തില്‍ നിന്നാണ് ആ മോഹന്‍ലാല്‍ ചിത്രത്തിന്റ കഥ ലോഹിതദാസ് തയാറാക്കിയത്: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 12:18 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ആകാശദൂത്, കിരീടം, തനിയാവര്‍ത്തനം, ഭരതം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ ചെയ്ത സിബി മലയില്‍ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ അധികവും സിബി മലയിലിന്റെ സിനിമകളിലാണ് ഉണ്ടായത്. അതില്‍ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് 1992ല്‍ പുറത്തിറങ്ങിയ കമലദളം.

നന്ദഗോപാല്‍ എന്ന നൃത്താധ്യാപകാനയി മോഹന്‍ലാലിന്റെ മികച്ച പ്രകടനമായിരുന്നു കമലദളത്തില്‍ കാണാന്‍ സാധിച്ചത്. ആ സിനിമയുടെ കഥ ഷൂട്ടിന് മൂന്ന് ദിവസം മുന്നേയാണ് കിട്ടിയതെന്നും മോഹന്‍ലാല്‍ രണ്ട് ദിവസം കൊണ്ട് ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും സിബി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘മോഹന്‍ലാലിന്റെ മൂന്നാമത്തെ പ്രൊഡക്ഷനായിരുന്നു അത്. കഥയൊന്നും ലാലിനോട് പറഞ്ഞിരുന്നില്ല, നിങ്ങള്‍ സിനിമ ചെയ്തുതന്നാല്‍ മതിയെന്ന് മാത്രമേ ലാല്‍ പറഞ്ഞുള്ളൂ. കഥ ഡിസ്‌കസ് ചെയ്യാന്‍ ഞാനും ലോഹിയും കൂടി ചെന്നൈയില്‍ റൂമെടുത്ത് താമസിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റ വന്ന ലോഹി എന്നോട് പറഞ്ഞത്,’ഞാന്‍ ഒരു സ്വപ്‌നം കണ്ടു. നമുക്ക് അതുവെച്ച് ഒരു സിനിമ ചെയ്യാം’ എന്ന്. അക്കാലത്ത് ആന്ധ്രയിലെ ഒരു പാട്ടുകാരന്റെ ജീവിത്തില്‍ ഉണ്ടായ സംഭവമായിരുന്നു ലോഹി കണ്ട സ്വപ്‌നം.


സ്വന്തം ഭാര്യയുടെ മരണത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നായിരുന്നു അന്ന് കേട്ട ആരോപണം. വലിയ വാര്‍ത്തയായ സംഭവമായിരുന്നു അത്. അതിനെ കലാമണ്ഡലത്തിന്റെയും ക്ലാസിക്കല്‍ ഡാന്‍സിന്റെയും ബാക്ക്ഗ്രൗണ്ടിലേക്ക് മാറ്റി കമലദളത്തിന്റെ കഥ റെഡിയാക്കി, ഞങ്ങള്‍ കലാമണ്ഡലത്തില്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാനെത്തി. ഷൂട്ടിന്റെ തലേദിവസമാണ് ലാല്‍ സെറ്റിലെത്തുന്നത്. അതുവരെ അയാള്‍ കഥ കേട്ടിരുന്നില്ല.

കഥ കേട്ട് മോഹന്‍ലാല്‍ ചോദിച്ചത്, ‘ഈ ക്ലാസിക്കല്‍ ഡാന്‍സ് മാസ്റ്ററുടെ വേഷം ഞാന്‍ ചെയ്യണമെങ്കില്‍ ഡാന്‍സ് പഠിക്കേണ്ടി വരില്ലേ’ എന്നായിരുന്നു. പഠിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. ചെറിയ സമയം കൊണ്ട് എങ്ങനെ പഠിക്കുമെന്ന് ചോദിച്ചപ്പോള്‍, സിനിമക്കാവശ്യമായ ഡാന്‍സ് മാത്രം പഠിച്ചാല്‍ മതി. അതിന് വേണ്ടി തിരുവനന്തപുരത്തുള്ള നെട്ടുവം പരമശിവം എന്ന മാസ്റ്ററിനെ വിളിച്ചുവരുത്താമെന്ന് പറഞ്ഞു.

അങ്ങനെ നെട്ടുവം പരമശിവം രണ്ട് ദിവസം കൊണ്ട് മോഹന്‍ലാലിനെ ട്രെയിന്‍ ചെയ്യിച്ചതിന് ശേഷമാണ് അയാള്‍ നന്ദഗോപാല്‍ എന്ന നൃത്താധ്യാപകനായത്. ആ സിനിമ കണ്ടിട്ട് അന്നത്തെ പ്രശസ്ത നര്‍ത്തകിയായിരുന്ന കല്യാണിക്കുട്ടിയമ്മ ലാലിന്റെ ഡാന്‍സിനെ പ്രശംസിച്ചിരുന്നു. ഇയാള്‍ ശരിക്ക് നൃത്തം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അവര്‍ അന്വേഷിച്ചത്. അത്രക്ക് പെര്‍ഫക്ഷനിലായിരുന്നു ലാല്‍ അത് ചെയ്തത്,’ സിബി പറഞ്ഞു.

Content Highlight: Sibi Malayail talks about the making of Kamaladalam movie