| Friday, 29th December 2023, 3:28 pm

ആ മോഹൻലാൽ ചിത്രത്തിന്റെ പരാജയം എന്നെ തളർത്തി കളഞ്ഞു, സിനിമ കരിയർ ഉപേക്ഷിക്കാമെന്ന് തോന്നി: സിബി മലയിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങിയ വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമായിരുന്നു സിബി മലയിൽ ഒരുക്കിയ ദേവദൂതൻ. കാലങ്ങൾക്കിപ്പുറം സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നുണ്ടെങ്കിലും ബോക്സ്‌ ഓഫീസിൽ പരാജയം നേരിട്ട ചിത്രമായിരുന്നു ദേവദൂതൻ.

ദേവദൂതനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. ചിത്രം വലിയ പരാജയമാവുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നാണ് സിബി പറയുന്നത്.

അത് തന്നെ ഒരുപാട് തളർത്തിയെന്നും സിനിമ കരിയർ ഉപേക്ഷിക്കണമെന്നെല്ലാം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് തന്നെ തേടി വന്ന ചിത്രമായിരുന്നു ഇഷ്ടമെന്നും കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ദേവദൂതന്റെ വലിയ പരാജയം എന്നെ വല്ലാതെ തളർത്തി കളഞ്ഞ ഒരു സമയമായിരുന്നു അത്. തുടർന്ന് സിനിമകൾ ചെയ്യണോ വേണോ എന്നുള്ള ഒരു ആശയക്കുഴപ്പത്തിൽ നിൽക്കുന്ന സമയമായിരുന്നു അത്.

കാരണം അത്രമാത്രം വലിയ രീതിയിൽ കഷ്ടപ്പെട്ടിട്ടാണ് ദേവദൂതൻ എന്ന സിനിമ ഞാൻ ഒരുക്കിയത്. ഏതാണ്ട് ഒരു വർഷത്തോളം സമയമെടുത്താണ് അതിന്റെ തിരക്കഥ പൂർത്തീകരിക്കുന്നത്.

ദേവദൂതന്റെ പ്രീപ്രൊഡക്ഷൻ വർക്കിനാണെങ്കിലും ഒരുപാട് സമയം വേണ്ടി വന്നിരുന്നു. എന്റെ കരിയർ ഏറെ പ്രതീക്ഷയോടെ ഞാൻ ചെയ്ത ഒരു സിനിമയായിരുന്നു അത്.

അതിന് നേരിട്ട പരാജയം എന്നെ വല്ലാതെ തളർത്തി കളയുകയും സിനിമ ഉപേക്ഷിച്ച് വിട്ട് പോയാലോ എന്ന ചിന്തയിലേക്കൊക്കെ ഞാൻ എത്തുകയും ചെയ്തു. അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്നെ അലട്ടി കൊണ്ടിരുന്ന ഒരു സമയത്താണ് ഇഷ്ടം എന്ന സിനിമ എന്നെ തേടി വരുന്നത്,’ സിബി മലയിൽ പറയുന്നു.

Content Highlight: Sibi Malayail Talk About Devadhoooothan Movie

We use cookies to give you the best possible experience. Learn more