മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ കരിയറില്‍ പല ഴോണറുകളിലുള്ള സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ദേവദൂതന്‍, ഉസ്താദ്, ആകാശദൂത്, കിരീടം, തനിയാവര്‍ത്തനും തുടങ്ങി 40ലധികം ചിത്രങ്ങള്‍ സിബി സംവിധാനം ചെയ്തു. സിബി മലയില്‍ സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമായിരുന്നു അമൃതം.
ജയറാം നായകനായ ചിത്രത്തില്‍ പദ്മപ്രിയയായിരുന്നു നായിക. അരുണ്‍, ഭാവന, നെടുമുടി വേണു, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍. ആ ചിത്രത്തില്‍ അരുണ്‍ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം മനസില്‍ കണ്ടിരുന്നത് പൃഥ്വിരാജിനെയായിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. ഭാവന ചെയ്യാനിരുന്ന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നുവെന്നും അവരെ വെച്ച് പൂജ വരെ നടന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് നയന്‍താരക്ക് തമിഴില്‍ നിന്ന് മറ്റൊരു ഓഫര്‍ വന്നിരുന്നുവെന്നും ആ സിനിമയില്‍ ശരത് കുമാറായിരുന്നു നായകനെന്നും സിബി മലയില്‍ പറഞ്ഞു. രണ്ട് സിനിമകളുടെയും ഡേറ്റുകള്‍ ക്ലാഷാകുന്നത് കൊണ്ട് നയന്‍താര പിന്മാറിയെന്നും ആ വേഷത്തിലേക്ക് ഭാവന വന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.
‘അമൃതം എന്ന സിനിമയില്‍ ജയറാമിന്റെ അനിയനായി ആദ്യം മനസില്‍ കണ്ടത് പൃഥ്വിരാജിനെയായിരുന്നു. രാജുവിന്റെ പെയറായിട്ട് നയന്‍താരയും. ജറാം, പദ്മപ്രിയ, പൃഥ്വിരാജ്, നയന്‍താര എന്നിങ്ങനെയായിരുന്നു സിനിമയുടെ കാസ്റ്റ്. ആ പടത്തിന്റെ പൂജാ ഫങ്ഷന് നയന്‍താരയും വന്നിരുന്നു. ഷൂട്ടൊക്കെ ഏതാണ്ട് തുടങ്ങാറായപ്പോഴാണ് നയന്‍താരക്ക് വേറൊരു തമിഴ് സിനിമയിലേക്ക് വിളി വരുന്നത്.
ശരത് കുമാറായിരുന്നു ആ സിനിമയില്‍ നായകന്‍. ആ സിനിമയുടെ ഡേറ്റും അമൃതത്തിന്റെ ഡേറ്റും തമ്മില്‍ ക്ലാഷാകുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ യന്‍താര അമൃതത്തില്‍ നിന്ന് പിന്മാറി. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് പൃഥ്വിയെയും കിട്ടാതായപ്പോള്‍ ആ വേഷത്തിലേക്ക് അരുണും അയാളുടെ പെയറായിട്ട് ഭാവനയും ആ സിനിമയുടെ ഭാഗമായി മാറി,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayail saying that Nayanthara was initially planned for Bhavana’s role in Amrutham movie