എന്റെ ആദ്യ സിനിമയായി വരണമെന്ന് ആഗ്രഹിച്ച ചിത്രമാണ് ദേവദൂതന്‍: സിബി മലയില്‍
Entertainment
എന്റെ ആദ്യ സിനിമയായി വരണമെന്ന് ആഗ്രഹിച്ച ചിത്രമാണ് ദേവദൂതന്‍: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 9:01 am

കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ചിത്രത്തിന്റെ റീ റിലീസ് ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

റീ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റില്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തന്റെ ആദ്യ സിനിമ ദേവദൂതനാകണമെന്ന് സ്വപ്‌നം കണ്ടിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. എന്നാല്‍ അന്ന് അത് നടക്കാതെ പോയെന്നും എങ്കിലും ഈ സ്വപ്‌നത്തിന് വേണ്ടി തന്റെ കൂടെ നിന്നവരാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും നിര്‍മാതാവ് സിയാദ് കോക്കറുമെന്നും സിബി മലയില്‍ പറഞ്ഞു.

പിന്നീട് വിദ്യാസാഗറും മോഹന്‍ലാലും ആ സ്വപ്‌നത്തിന്റെ ഭാഗമായെന്നും സിബി മലയില്‍ പറഞ്ഞു. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ട സ്വപ്‌നത്തിന് വേണ്ടി റീ വര്‍ക്ക് ചെയ്യുമ്പോള്‍ ഇത്രമാത്രം സമര്‍പ്പണം ചെയ്ത മറ്റൊരു സിനിമ വേറെ ഇല്ലെന്ന് പറയാനാകുമെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. റീ റിലീസിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിശ്രമമില്ലാത്ത പണിയായിരുന്നുവെന്നും സിബി പറഞ്ഞു.

സംവിധായകനായി സിനിമയിലേക്ക് എത്തിയ സമയത്ത് എന്റെ ആദ്യ സിനിമയാകണമെന്ന് മനസ് കൊണ്ട് ആഗ്രഹിച്ച ചിത്രമാണ് ദേവദൂതന്‍. എന്നാല്‍ അന്ന് അത് നടന്നില്ല. 42 വര്‍ഷം മുമ്പ് ഞാന്‍ കണ്ട സ്വപ്‌നമാണ് ദേവദൂതന്‍. അന്ന് മുതല്‍ എന്റെ കൂടെ നിന്ന ആളുകളാണ് ഇതിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയും നിര്‍മാതാവ് സിയാദ് കോക്കറും.

പിന്നീട് വിദ്യാസാഗറും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമ റീ റിലീസ് ചെയ്യാന്‍ പോകുമ്പോള്‍ 42 വര്‍ഷക്കാലം എന്റെ കൂടെ നിന്ന മറ്റൊരു സിനിമ ഇല്ലെന്ന് പറയാം. കാരണം, ഇത്‌ന്റെ റീമാസ്റ്ററിങ്ങുമായി ബന്ധപ്പെട്ടുള്ള പണികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി പരിശ്രമിക്കുകയാണ് ഞങ്ങള്‍. മറ്റൊരു സിനിമക്ക് വേണ്ടിയും ഇത്ര സമര്‍പ്പണത്തോടെ ഞാന്‍ പണിയെടുത്തിട്ടില്ല,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayail saying that he wish to do Devadoothan as his first movie