| Saturday, 8th July 2023, 1:34 pm

ആ സിനിമ മമ്മൂട്ടിയെന്ന അഭിനേതാവിനെ മുന്നില്‍ കണ്ടെഴുതിയത്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓഗസ്റ്റ് ഒന്ന് എന്ന സിനിമ മമ്മൂട്ടിയെ മുന്നില്‍ കണ്ടെഴുതിയതാണെന്ന് സംവിധായകന്‍ സിബി മലയില്‍. അതിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ വേഷം ഇന്ന് കാണുന്ന രീതിയില്‍ കൊണ്ടുവന്നതും മമ്മൂട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനൊരു കഥാപാത്രം ഭംഗിയായി മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിബി മലയില്‍ കൗമുദി മൂവീസിലെ സിനിമയിലെ കഥ എന്ന പരിപാടിയില്‍ പറഞ്ഞു.

‘ഓഗസ്റ്റ് ഒന്ന് എന്ന സിനിമ മമ്മൂട്ടി എന്ന അഭിനേതാവിനെ മുന്നില്‍ കണ്ടെഴുതിയതാണ്. മമ്മൂട്ടിയെ സംബന്ധിച്ച് ആ കഥാപാത്രം അത്രയും ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. സി.ബി.ഐ. ഡയറിക്കുറിപ്പില്‍ അദ്ദേഹം ബ്രാഹ്മണനായ അന്വേഷണോദ്യാഗസ്ഥനാണ്.

അതുകൊണ്ട് തന്നെ അദ്ദേഹം ഷര്‍ട്ടൊക്കെ പുറത്തിട്ട്, സ്ലാക്ക് ഷര്‍ട്ട് ഇട്ട്, കയ്യൊക്കെ പുറകില്‍ കെട്ടി കുറിയൊക്കെ തൊട്ട് സാത്വികനായൊരു രീതിയില്‍ നടക്കുന്നൊരാളാണ്. വലിയ ചടുലതയൊന്നും അതിലില്ല. അദ്ദേഹത്തിന്റെ ഇന്റലിജന്‍സിനെയാണ് അതില്‍ കൂടുതലും കൊണ്ടുവന്നിട്ടുള്ളത്. ഇന്റലിജന്റായ പൊലീസ് ഉദ്യോഗസ്ഥനെന്ന രീതിയിലാണ് ആ കഥാപാത്രത്തെ മുന്നോട്ട് വെക്കാന്‍ സ്വാമിയും ശ്രദ്ധിച്ചിട്ടുള്ളത്.

എന്നാല്‍ ഇത് അങ്ങനെയല്ല. കുറച്ച് കൂടി ചടുതലയുള്ള, സമര്‍ത്ഥനായിട്ടുള്ള പൊലീസ് ഓഫീസറെന്ന നിലയിലാണ് അദ്ദേഹത്തെ ആഗസ്റ്റില്‍ ഒന്നില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്നെയാണ് കൈ ചെറുതാക്കി മടക്കി മുട്ടിന് മുകളിലേക്ക് കയറ്റിവെച്ച്, ഇന്‍സര്‍ട്ട് ചെയ്തതും മുടി ക്രോപ്പ് ചെയ്തതുമൊക്കെ. അത് കഥാപാത്രത്തിന് വേറൊരു ലുക്ക് കൊടുത്തു,’ അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് ഒന്ന് എന്ന ചിത്രം ആദ്യം നിര്‍മിക്കാനിരുന്നവര്‍ തന്നെ മാറ്റണമെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി തനിക്കുവേണ്ടി സംസാരിച്ചിരുന്നെന്നും സിബി പറഞ്ഞു. ഒരേസമയം മമ്മൂട്ടിയെ നായകനാക്കി രണ്ട് സിനിമ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന നിര്‍മാതാക്കള്‍ തനിക്ക് പ്രാധാന്യം നല്‍കാതെ വന്നെന്നും മമ്മൂട്ടി തന്റെ സിനിമക്കായി പുതിയ നിര്‍മാതാവിനെ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS: sibi malayail about mammootty

We use cookies to give you the best possible experience. Learn more