| Sunday, 21st July 2024, 9:16 am

മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ദേവദൂതനില്‍ ഫൈറ്റ് ഉള്‍പ്പെടുത്തിയത്, ഇന്നും എനിക്ക് അതിനോട് യോജിപ്പില്ല: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റി ഇറങ്ങിയതുകൊണ്ട് പരാജയമാകേണ്ടി വന്ന ചിത്രമാണ് ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. 2000ത്തില്‍ ക്രിസ്മസ് റിലീസായെത്തിയ മിസ്റ്ററി ഹൊറര്‍ ചിത്രം പ്രേക്ഷകര്‍ കൈയൊഴിയുകയാണുണ്ടായത്.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദേവദൂതന്‍ പരാജയപ്പെടേണ്ട സിനിമയായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. പഴയ സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ 4k ദൃശ്യമികവിലേക്ക് മാറ്റി റീ റിലീസ് ചെയ്യുന്നത് ട്രെന്‍ഡായി മാറിയപ്പോള്‍ ദേവദൂതനും 4k അറ്റ്മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു.

ചിത്രത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ അത് കഥയെ സാരമായി ബാധിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. കോളേജ് ക്യാമ്പസ് പശ്ചാത്തലത്തില്‍ എടുക്കാന്‍ വെച്ച സിനിമയിലേക്കാണ് മോഹന്‍ലാല്‍ വന്നതെന്നും പിന്നീട് നായകനെ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയാക്കേണ്ടി വന്നെന്നും സിബി മലയില്‍ പറഞ്ഞു.

നരസിംഹം ചെയ്ത് അമാനുഷിക പരിവേഷം കിട്ടിയിരിക്കുന്ന മോഹന്‍ലാല്‍ നായകനാകുമ്പോള്‍ ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഫൈറ്റും കോമഡിയും ചേര്‍ക്കേണ്ടി വന്നതെന്ന് സിബി പറഞ്ഞു. ഇന്നും ഇതനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും സിബി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.

‘കോളേജ് പശ്ചാത്തലത്തില്‍ റൊമാന്‍സും മിസ്റ്ററിയും ചേര്‍ത്ത് അവതരിപ്പിക്കാന്‍ വിചാരിച്ച കഥയായിരുന്നു ഈ സിനിമയുടേത്. മാധവനെയായിരുന്നു നായകായി ഉദ്ദേശിച്ചത്. പക്ഷേ മണിരത്‌നത്തിന്റെ അലൈപായുതേ കാരണം ആറ് മാസത്തേക്ക് മാധവന്റെ ഡേറ്റ് കിട്ടാതെ വന്നു. അപ്പോഴാണ് മോഹന്‍ലാല്‍ ഈ പ്രൊജക്ടിലേക്ക് വരുന്നത്. ലാലിനെ കോളേജ് സ്റ്റുഡന്റായി അവതരിപ്പിച്ചാല്‍ ഓഡിയന്‍സ് സ്വീകരിക്കില്ലെന്ന് ഉറപ്പായിരുന്നു.

അങ്ങനെ നായകനെ പൂര്‍വ വിദ്യാര്‍ത്ഥിയാക്കി. ലാലാണെങ്കില്‍ ആ സമയത്ത് നരസിംഹമൊക്കെ ചെയ്ത് അമാനുഷിക പരിവേഷം കിട്ടി നില്‍ക്കുന്ന സമയമാണ്. ഇത്രയും സോബറായിട്ടുള്ള കഥാപാത്രത്തെ ആരാധകര്‍ക്ക് കൊടുത്താല്‍ ശരിയാകില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഫൈറ്റും കോമഡിയും ചേര്‍ക്കേണ്ടി വന്നത്. ഇന്നും ആ കാര്യത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayail about fight sequence in Devadoothan

We use cookies to give you the best possible experience. Learn more