ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ മാമുക്കോയയിലേക്ക് അറബി മുൻഷിയുടെ കഥാപാത്രം എത്തിയതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ സിബി മലയിൽ. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം അറബി മുൻഷിയുടെ കഥാപാത്രം ചെയ്യേണ്ടിയിരുന്ന ആക്ടറിനെ ഒഴിവാക്കേണ്ടി വന്നെന്നും ആ സമയം ശ്രീനിവാസനാണ് മാമുക്കോയയുടെ കാര്യം പറഞ്ഞെതെന്നും സിബി മലയിൽ പറഞ്ഞു.
എന്നാൽ മാമ്മുക്കോയയെ അന്ന് ഇത്രയും വലിയ കഥാപാത്രം ചെയ്യിപ്പിക്കാൻ പേടിച്ചിരുന്നെന്നും എന്നാൽ ശ്രീനിവാസന്റെ ധൈര്യത്തിലാണ് അഭിനയിപ്പിച്ചതെന്നും സിബി മലയിൽ പറയുന്നുണ്ട്. എന്നാൽ ആദ്യ ദിവസം മുൻഷിയുടെ വേഷത്തിൽ മാമുക്കോയയെ കണ്ടപ്പോൾ തന്നെ തനിക്ക് ഓക്കെ ആയെന്നും എന്നാൽ അഭിനയം കണ്ടപ്പോൾ അദ്ദേഹം തന്നെ ഞെട്ടിച്ചെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ ഷൂട്ട് തുടങ്ങുന്ന തലേ ദിവസം അറബി മുൻഷി എന്ന കഥാപാത്രം ചെയ്യേണ്ടിരുന്ന ആർട്ടിസ്റ്റിനെ മാറ്റേണ്ടി വന്നു. ഞാൻ ശ്രീനിവാസനോട് എന്ത് ചെയ്യുമെന്ന് ചോദിച്ചു. അപ്പോൾ ശ്രീനി കുറേ ആലോചിച്ചു. എന്നിട്ട് പറഞ്ഞു ‘നമുക്ക് മാമുവിനെ അഭിനയിപ്പിച്ചാലോ’ എന്ന്.
ഞാൻ ആരാ മാമു എന്ന് ചോദിച്ചു. ‘നമുക്ക് ലോക്കേഷൻ കാണിക്കാൻ എന്നും രാവിലെ വരാറില്ല അയാളാണ്’ എന്ന്. ശ്രീനി ഇത് വലിയ റോൾ അല്ലെ , ത്രൂഔട്ട് വരുന്ന കഥാപാത്രമല്ലേ, ഇതെങ്ങനെ പെട്ടെന്ന് മാറ്റുക എന്ന് ഞാൻ പറഞ്ഞു. ‘അയാൾ നാടകത്തിൽ വലിയ നടനാണ്’ എന്ന് ശ്രീനി പറഞ്ഞു. അതുപോലെ കോഴിക്കോട് നാടക രംഗത്ത് അറിയപെടുന്ന ഒരാളാണ് മാമു.
ഇത്രയും വലിയ ഹ്യൂമർ ചെയ്യുന്ന റോൾ അല്ലേ എന്ന് ചോദിച്ചു. ‘അദ്ദേഹം നന്നായിട്ട് ഹ്യൂമർ എല്ലാം ചെയ്യും, ധൈര്യമായിട്ട് വെച്ചോ ഞാൻ അല്ലേ പറയുന്നത്’ എന്ന് ശ്രീനി പറഞ്ഞു. വേറെ ഒരാളെ കണ്ടെത്താനുള്ള സമയമില്ല, വേറെ ഒരാളെ കൊണ്ട് വരാനും കഴിയില്ല. അങ്ങനെ ശ്രീനിയുടെ ഒരു ഉറപ്പിൻ മേൽ ഞാൻ മാമുവിനെ വിളിച്ചു.
ഞാൻ രാവിലെ ലൊക്കേഷനിലേക്ക് ചെല്ലുമ്പോൾ ഒരു തലേ കെട്ടോക്കെ കെട്ടി അറബി മുൻഷി ആയിട്ട് ഇദ്ദേഹം നിൽക്കുന്നു. ഞാൻ അപ്പോൾ തന്നെ ശ്രീനിയുടെ അടുത്ത് പറഞ്ഞു ഒരു സംശയവും വേണ്ട എനിക്ക് ഓക്കെ ആണ് ഇയാൾ, അഭിനയിച്ചിട്ടില്ലെങ്കിലും ഇയാളുടെ രൂപം കൃത്യമാണ് എന്ന് പറഞ്ഞു. എന്നാൽ അഭിനയത്തിൽ ഇയാൾ നമ്മളെ ഞെട്ടിച്ചു കളഞ്ഞു.
Content Highlight: Sibi Malail on Mammookoya’s film debut