| Monday, 24th August 2020, 2:57 pm

രാഹുലിനെതിരെ ആദ്യമിട്ട ട്വീറ്റ് നീക്കി, കപില്‍ സിബലിന്റെ പുതിയ ട്വീറ്റ്; കത്തിലും ട്വീറ്റിലും ഉടക്കി കോണ്‍ഗ്രസ് പ്രവര്‍ത്തന സമിതി യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കള്‍ക്ക് ബി.ജെ.പിയുമായി കൂട്ടുണ്ടാകാമെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാഹുലിന്റെ നടപടിയെ വിമര്‍ശിച്ച് ട്വിറ്ററില്‍ നടത്തിയ പ്രതികരണം നീക്കം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തിപരമായി അറിയിച്ചതുകൊണ്ട് ആ വിഷയത്തില്‍ ഇട്ട ട്വീറ്റ് താന്‍ പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചു.

‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്! ‘

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ” എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.

എന്നാല്‍ നേതാക്കള്‍ക്ക് എതിരെ താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്ത സിബല്‍ മുന്‍പ് ഇട്ട ട്വീറ്റ് നീക്കം ചെയ്യുന്നതായും പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദും പറഞ്ഞിരുന്നു.

ഇത്തരത്തിലൊരു കത്ത് ബി.ജെ.പിക്ക് സഹായകരമായെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, ബി.ജെ.പിയുടെ നിര്‍ദേശത്തോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്ന തോന്നല്‍ ആരിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്നതില്‍ മടിയില്ല’ എന്നായിരുന്നു ഗുലാം നബി ആസാദ് യോഗത്തില്‍ പറഞ്ഞത്.

പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി യൂണിറ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും കത്തില്‍ പറയുന്നുണ്ട്. അധികാര വികേന്ദ്രീകരണം ആവശ്യമാണെന്നും അതോടൊപ്പം തന്നെ ബ്ലോക്ക് തലം മുതല്‍ സി.ഡബ്ല്യൂ.സി വരയുള്ള പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണമെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Sibal Deletes Tweet Saying Rahul Accused Leaders of BJP Collusion

We use cookies to give you the best possible experience. Learn more