കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പുറത്താക്കിയത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് പുറത്താക്കിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അതില്‍ തനിക്ക് വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ. സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ദല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. രാജ്യ താല്പര്യങ്ങളെ ഹനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസെന്നും അതുകൊണ്ട് ചാനലുമായി സഹകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നുമാണ് പാര്‍ട്ടി അറിയിച്ചത്.
വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബി.ജെ.പിയെയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നതതെന്നും അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണണെന്നും ബി.ജെ.പി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ മതിയായ പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്ന് പറഞ്ഞ് ചാനലിലേക്ക് വിളിച്ചയാളോട് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക പി.ആര്‍ പ്രവീണ പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ചാനലിനും മാധ്യമപ്രവര്‍ത്തകയ്ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Asianet News correspondent was removed from K.Surendran’s press conference