| Monday, 15th February 2016, 3:27 pm

സിയാച്ചിനില്‍ മരിച്ച മലയാളി ജവാനോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച മലയാളി ജവാന്‍ ബി. സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാരിന്റെ അനാദരവ് . ഇന്ന് രാവിലെ  സിയാച്ചിനില്‍ നിന്നും ദല്‍ഹി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി ആരും എത്തിയില്ല. ഇതാണ് സര്‍ക്കാരിനെതിരെ ആരോപണമുയരാന്‍ ഇടയാക്കിയത്.

അതേസമയം മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരിന് വേണ്ടി പ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ സൈനികരുടെ മൃതദേഹം അതാത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകും.

ഈ മാസം മൂന്നിന് സിയാച്ചിനില്‍ ഉണ്ടായ മഞ്ഞിടിച്ചിലിലാണ് ലാന്‍സ്‌നായിക് ബി. സുധീഷ് അടക്കം പത്ത് പേര്‍ ജീവന്‍വെടിഞ്ഞത്. ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍സ്‌നായിക് ഹനുമന്ദപ്പയെ ജീവനോടെ കണ്ടെത്തിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ആശുപത്രിയില്‍ വെച്ച് മരിച്ചു.

കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയാണ് ലാന്‍സ് നായിക് ബി സുധീഷ്.സുബേദാര്‍ നാഗേശ,സിപോയ് മഹേഷ്, ഹവീല്‍ദാര്‍ ഏഴുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി, ലാന്‍സ് ഹവീല്‍ദാര്‍ എസ് കുമാര്‍, സിപോയ് മുഷ്താഖ് അഹമ്മദ്, സിപോയ് സൂര്യവംശി എന്നിവരാണ് മരിച്ച മറ്റ് സൈനികര്‍.

We use cookies to give you the best possible experience. Learn more