| Tuesday, 18th September 2018, 7:44 am

ലങ്കാ ദഹനം പൂര്‍ണ്ണം; അഫ്ഗാനോടും തോറ്റ് ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ഏഷ്യകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്ഗാനോട് തോറ്റ് ശ്രീലങ്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ശ്രീലങ്ക 41.2 ഓവറില്‍ 158 റണ്‍സിന് പുറത്തായി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു.

റഹ്മത്ത് ഷാ യുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(0) നഷ്ടമായി. ആ ഞെട്ടലില്‍ നിന്ന് ലങ്ക പിന്നീടൊരിക്കലും ഉണര്‍ന്നില്ല. 36 റണ്‍സെടുത്ത ഉപുല്‍ തരംഗയും 23 റണ്‍സെടുത്ത ഡിസില്‍വയും ചേര്‍ന്ന് വിജയത്തിലേക്ക് ബാറ്റു വീശിയെങ്കിലും ഡിസില്‍വ റണ്ണൗട്ടായതോടെ ലങ്ക വീണ്ടും പ്രതിസന്ധിയിലായി.


Read Also : കയ്യൊടിഞ്ഞിട്ടും ബാറ്റുമായി ക്രീസിലേക്ക് തിരിച്ചു വന്നതിനെ കുറിച്ച് തമിം ഇക്ബാല്‍ പറയുന്നു


പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കരുത്തുകാട്ടിയതോടെ ലങ്കന്‍ ഇന്നിംഗ്‌സ് പാളം തെറ്റി. റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ കുശാല്‍ പെരേര(17), എയ്ഞ്ചലോ മാത്യൂസ്(22), ഷെഹ്‌സാന്‍ ജയസൂര്യ(14) എന്നിവരും പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷ അസ്തമിച്ചു. അഫ്ഗാനായി മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ എറിഞ്ഞ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആക്കി. റഹ്മത് ഷാ(72), ഇഹ്സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.

59 റണ്‍സെടുക്കുന്നതിനിടിയില്‍ അഫ്ഗാന് ബാക്കിയുള്ള ആറു വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഹഷ്മതുള്ള 37 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് നബിയുടെ സംഭാവന 15 റണ്‍സായിരുന്നു. ഒമ്പത് ഓവര്‍ എറിഞ്ഞ് 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത തിസാര പെരേരയാണ് അഫ്ഗാന്റെ വാലറ്റത്തെ പിടിച്ചുകെട്ടിയത്. ധനഞ്ജയ രണ്ട് വിക്കറ്റ് വീഴ്ത്തി.

We use cookies to give you the best possible experience. Learn more