| Thursday, 25th August 2016, 11:27 am

കുറ്റക്കാരനാണെന്നറിഞ്ഞിട്ടും എസ്.ഐ വിമോദിനെ പിന്തുണയ്ക്കുകയായിരുന്നെന്ന് അഭിഭാഷക സംഘടനാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്ത് സസ്‌പെന്‍ഷനിലായ എസ്.ഐ വിമോദ് തെറ്റുകാരനാണെന്നറിഞ്ഞിട്ടും പിന്തുണക്കുകയായിരുന്നെന്ന് അഭിഭാഷക സംഘടനാ നേതാവിന്റെ വെളിപ്പെടുത്തല്‍. നിരപരാധികളെ വിമോദ് അസഭ്യം പറയുന്നതിന് താന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്നും ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ വെളിപ്പെടുത്തി.

ബേപ്പൂര്‍  എസ്.ഐക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. വിമോദിന്‍രെ പെരുമാറ്റ രീതിയേയും അഭിഭാഷക സംഘടനാ നേതാവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വിമോദിനെതിരെയുള്ള നടപടികള്‍ റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ച വിമോദിനെ അഭിഭാഷകര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു. ഈ നടപടി ശരിയാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

തങ്ങള്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിമോദിനെ സര്‍വിസില്‍ തിരിച്ചെടുക്കുമെന്നാണ് വിവരം. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമോദിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഇയാളുടെ പല നടപടികളും തെറ്റാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് അങ്ങനെ തീരുമാനമെടുത്തത്.

വഴിയോരക്കച്ചവടക്കാരോടും മറ്റും എസ്.ഐ വിമോദ് വളരെ മോശമായി പെരുമാറുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ദിവസം ജില്ലാ കോടതിയില്‍ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് ടൗണ്‍ എസ്.ഐ ആയിരുന്ന വിമോദ് മര്‍ദ്ദിച്ചിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിന്മേല്‍ വിമോദിനെ സസ്‌പെന്റ് ചെയ്തിരുന്നു.

എന്നാല്‍ വിമോദിനെ സസ്‌പെന്റ് ചെയ്യുന്നതായി മേലുദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചശേഷവും അദ്ദേഹം സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയിരുന്നു.

We use cookies to give you the best possible experience. Learn more