സ്വാതന്ത്ര്യദിന ഘോഷയാത്ര; ദളിത് നിവാസികളെ ആക്രമിച്ച എസ്.ഐക്കും ഗ്രാമത്തലവനുമെതിരെ കേസ്
national news
സ്വാതന്ത്ര്യദിന ഘോഷയാത്ര; ദളിത് നിവാസികളെ ആക്രമിച്ച എസ്.ഐക്കും ഗ്രാമത്തലവനുമെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2024, 7:53 am

ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദളിത് നിവാസികൾ നടത്തിയ ഘോഷയാത്ര തടയുകയും ദളിതരെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരെ കേസ്. ഉത്തർപ്രദേശിലെ സെമ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെയും കേസ് എടുത്തിരുന്നില്ല. തുടർന്ന് ദളിത് സംഘടന സ്‌പെഷ്യൽ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി നടപടിയെ തുടർന്ന് പൊലീസ് സബ് ഇൻസ്‌പെക്ടർക്കും ഗ്രാമത്തലവനും മറ്റ് രണ്ട് പേർക്കുമെതിരെ എസ്‌.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) ആക്‌ട് പ്രകാരം കേസ് എടുക്കുകയായിരുന്നു.

ഒക്ടോബർ 17 ന് പ്രത്യേക ജഡ്ജി (എസ്‌.സി/എസ്.ടി ) അസദ് അഹമ്മദ് ഹാഷ്മി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് ദുർഗഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സച്ചിദാനന്ദ് പാണ്ഡെ പറഞ്ഞു.

ഡോ. ഭീം റാവു അംബേദ്കർ കമ്മിറ്റിയുടെ ബാനറിൽ സെമ്ര ഗ്രാമത്തിൽ ചിലർ നടത്തിയ ഘോഷയാത്രയുമായി ബന്ധപ്പെട്ടതാണ് കേസെന്ന് പാണ്ഡെ പറഞ്ഞു. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ദളിത് വിഭാഗക്കാർ ദേശീയ പതാകയുമായി ഘോഷയാത്രയിൽ നടക്കുമ്പോൾ ഗ്രാമമുഖ്യൻ അശോക് കുമാറും കൂട്ടാളികളായ പ്രേംശങ്കറും മഹേന്ദ്രയും എതിർക്കുകയായിരുന്നു.

പിരിഞ്ഞ് പോകാൻ വിസമ്മതിച്ച ദളിതരെ അവർ മർദിക്കുകയും ഓടിക്കുകയും ആഘോഷങ്ങൾക്കായി നിർമിച്ച വേദി നശിപ്പിക്കുകയും ചെയ്തുവെന്ന് എസ്.എച്ച്.ഒ കൂട്ടിച്ചേർത്തു.

ജാഥയിൽ പങ്കെടുത്ത ചിലരെ പ്രതികൾ അവരുടെ വീടുകളിൽ നിന്ന് പൊലീസ് സ്റ്റേഷൻ വരെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ സബ് ഇൻസ്‌പെക്ടർ പ്രമോദ് കുമാർ യാദവ് എന്ന പെഹൽവാൻ്റെ സാന്നിധ്യത്തിൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസം, ഓഗസ്റ്റ് 16 ന്, ഡോ. ഭീം റാവു അംബേദ്കർ കമ്മിറ്റിയിലെ അംഗങ്ങളായ സുനിൽ കുമാർ, ഗൗതം, രമേഷ്, രാം രാജ്, സീതം എന്നിവരെ സങ്കർഷാവസ്ഥ സൃഷ്ടിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നീട് അവർ അഞ്ച് പേർക്കും കോടതി ജാമ്യം അനുവദിച്ചു. തുടർന്ന് അവർ വൈദ്യപരിശോധന നടത്തണമെന്നും തങ്ങൾക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് മുതിർന്ന പൊലീസ് ഓഫീസർമാർക്ക് അപേക്ഷ സമർപ്പിച്ചു.

എന്നാൽ, ഒരു തലത്തിലും പൊലീസ് നടപടിയെടുക്കാത്തതിനാൽ ഓഗസ്റ്റ് 28ന് പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു. യാദവ്, അശോക് കുമാർ, പ്രേം ശങ്കർ, മഹേന്ദ്ര എന്നിവർക്കെതിരെ ബി.എൻ.എസ്, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് എടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

 

Content Highlight: SI, village head booked under SC/ST Act for assaulting people celebrating I-Day in UP village