കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയത് മേലുദ്യോഗസ്ഥര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് പിരിച്ചുവിട്ട എസ്.ഐ എം.എസ്.ഷിബു. വീടാക്രമിച്ച് കെവിനേയും അനീഷിനേയും തട്ടികൊണ്ട് പോയത് 2018 മേയ് 27 ന് താന്‍ അറിഞ്ഞിരുന്നെന്നും ഷിബു കോടതിയില്‍ പറഞ്ഞു.
താന്‍ വിവരം അറിഞ്ഞത് സംഭവദിവസം രാവിലെ ആറിന് എ.എസ്.ഐ. ബിജു വിളിച്ചുപറഞ്ഞപ്പോഴാണ്. അന്ന്
ഏഴ് മണിയോടെ തന്നെ അന്നത്തെ ഡിവൈ.എസ്.പി.യെ വിളിച്ച് വിവരം അറിയിച്ചപ്പോള്‍ ‘എ.എസ്.ഐ. പറഞ്ഞ സംഭവമല്ലേ, ഞാനറിഞ്ഞു’ എന്നായിരുന്നു മറുപടിയെന്നും 10-ന് താന്‍ എസ്.പി.യോടും വിവരം പറഞ്ഞുവെന്നും ഷിബു പറഞ്ഞു. എന്നാല്‍ കേസ് അന്വേഷണത്തിന് തനിക്ക് കിട്ടിയത് അരദിവസം മാത്രമാണെന്നും ഷിബു കോടതിയില്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എഫ്.ഐ.ആര്‍. ഇടാന്‍ വൈകിയത് എന്താണെന്ന ചോദ്യത്തിന് ഷിബു വ്യക്തമായ മറുപടി പറഞ്ഞില്ല. അനീഷിന്റെ മൊഴിയെടുത്ത് എഫ്.ഐ.ആര്‍. എഴുതിയത് എ.എസ്.ഐ.യാണ്. താന്‍ പറഞ്ഞുകൊടുത്തിട്ടാണ് എഴുതിയത്. 1.50 ലക്ഷം രൂപയുടെ ക്വട്ടേഷനാണിതെന്ന് പ്രതികള്‍ പറയുന്നത് കേട്ടുവെന്ന് അനീഷ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇതേക്കുറിച്ചും ഷിബു വ്യക്തമായ മറുപടി പറഞ്ഞില്ല. താങ്കള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടല്ലേ എന്നു ചോദിച്ചപ്പോള്‍ എ.എസ്.ഐ.യാണ് എഴുതിയതെന്നായിരുന്നു മറുപടി.
നേരത്തെ കെവിനെ പുഴയില്‍ മുക്കിക്കൊന്നതാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ മൊഴി കൊടുത്തിരുന്നു. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറന്‍സിക് വിദഗ്ധര്‍ വിചാരണക്കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി. മൊഴി നല്‍കിയത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ്. അരയ്ക്കൊപ്പം വെള്ളത്തില്‍ സ്വമേധയാ മുങ്ങി മരിക്കില്ലെന്നും മൊഴിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു തട്ടിക്കൊണ്ട് പോകല്‍.