തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു സമീപം അമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടികളുമായെത്തി സമരം ചെയ്യുന്നത് ശരിയല്ലെന്നാണ് കെ.കെ ശൈലജ പറഞ്ഞത്.
“അവര് കുറേ കുട്ടികളേയും കൊണ്ട് അവിടെ ഇരിക്കുന്നു, സമരം ചെയ്യുന്നു, എന്താ അതിനു പിന്നിലെ ലക്ഷ്യമെന്ന് എനിക്കറിയില്ല. ” എന്നാണ് മന്ത്രി പറഞ്ഞത്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് അറിയിച്ചതാണ്. എന്നിട്ടും സമരം തുടരുന്നതിന്റെ ലക്ഷ്യം എന്തെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ജനുവരി 30നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം.
മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിതള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.