|

കഷ്ടം, ഇതേ ടീമിന്റെ കൂടെ പടം ചെയ്ത് ബോറടിച്ചില്ലേയെന്ന് ശ്യാം പുഷ്‌കരന്‍; മടുത്തെന്ന് ഷൈജു ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജി സിനിമയുടെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. വീഡിയോയില്‍ ശ്യാം പുഷ്‌കരന്റെ ചില ചോദ്യങ്ങളും അതിന് ക്യാമറാമാനായ ഷൈജു ഖാലിദ് നല്‍കുന്ന മറുപടികളും പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്.

വീഡിയോ തുടക്കത്തില്‍ തന്നെ ഷൈജു ഖാലിദിനെയാണ് കാണിക്കുന്നത്. ഈ ടീമിന്റെ കൂടെ പടം ചെയ്ത് ബോറടച്ചില്ലേയെന്ന് ശ്യാം പുഷ്‌കരന്‍ ഷൈജു ഖാലിദിനോട് ആദ്യം തന്നെ ചോദിക്കുന്നു. മടുത്തു, വേറെന്ത് ചെയ്യാനാ എന്നാണ് ഇതിന് ഷൈജു ഖാലിദിന്റെ മറുപടി.

ജോജിയും ഒരു പ്രകൃതി – റിയലിസ്റ്റിക് പടം തന്നെയാണോ എന്നും ശ്യാം പുഷ്‌കരന്‍ ചോദിക്കുന്നുണ്ട്. ‘പ്രകൃതി തന്നെ, പ്രകൃതിയുടെ തകൃതി,’ എന്നാണ് ഈ ചോദ്യത്തിന് ഷൈജു ഖാലിദ് രസകരമായി മറുപടി നല്‍കുന്നത്. കഷ്ടം തന്നെയെന്നാണ് ഇതിന് തൊട്ടുപിന്നാലെ ശ്യാം പുഷ്‌കരന്‍ പറയുന്നത്.

ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലാണ് ‘പ്രകൃതിയുടെ തകൃതി’ എന്ന മേക്കിംഗ് വീഡിയോ വന്നിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതും മറ്റു അണിയറ പ്രവര്‍ത്തകരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും.

ജോജിയുടെ കഥാപരിസരത്തില്‍ സുപ്രധാന റോള്‍ വഹിക്കുന്ന കുളം എങ്ങനെയാണ് നിര്‍മ്മിച്ചതെന്നും രംഗങ്ങള്‍ എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്നുമാണ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നത്. കുളത്തെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളും ദിലീഷ് പോത്തന്‍ രംഗങ്ങള്‍ വിശദീകരിക്കുന്നതുമെല്ലാം ഇതില്‍ കാണാം.

‘ഈ മലമുകളില്‍ പുള്ളിയ്ക്ക് കുളം വേണമെന്നാ പറയുന്നേ, എന്ത് ചെയ്യുവെന്ന് നോക്കണേ. ഷൈജു ഖാലിദ് ഒക്കെ കൂടിയിട്ടുണ്ട്. എന്ത് കാണിക്കാനാണെന്ന് എനിക്ക് അറിയില്ല,’ എന്ന് കുളം പണിയാന്‍ സ്ഥലം നോക്കുന്ന ദിവസം വരുന്ന ഭാഗങ്ങളില്‍ ശ്യാം പുഷ്‌കരന്‍ പറയുന്നുണ്ട്. ശ്യാം പുഷ്‌കരന്റെ മറ്റുള്ളവരോടുള്ള ചോദ്യങ്ങളും ചെറിയ നരേഷനുമാണ് വീഡിയോയെ രസകരമാക്കുന്നത്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ജോജിയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതിനൊപ്പം ചിത്രത്തെ കുറിച്ചുള്ള ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ജോജി എന്ന സിനിമയെ കുറിച്ചും സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്.

ചിത്രം റിലീസായതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളേയും വ്യത്യസ്തമായ രീതിയില്‍ സമീപിച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുക്കിയത്.

ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ഫഹദ് ഫാസില്‍, ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ, ജോജി മുണ്ടക്കയം, പി.എന്‍ സണ്ണി, ബേസില്‍ ജോസഫ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shyju Khalid’s reply to Syam Pushkaran in Joji movie making video