'ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്സേയുടെതല്ല മാഡം'; ഷൈജ ആണ്ടവന്റെ വീടിന് മുന്‍പില്‍ ഫ്‌ളക്‌സ് വെച്ച് ഡി.വൈ.എഫ്.ഐ; മാര്‍ച്ചിന് നേരെ ജലപീരങ്കി
Kerala
'ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്സേയുടെതല്ല മാഡം'; ഷൈജ ആണ്ടവന്റെ വീടിന് മുന്‍പില്‍ ഫ്‌ളക്‌സ് വെച്ച് ഡി.വൈ.എഫ്.ഐ; മാര്‍ച്ചിന് നേരെ ജലപീരങ്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th February 2024, 1:11 pm

കോഴിക്കോട്: ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എന്‍.ഐ.ടി ക്യാമ്പസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിന് നേരെ ജലപീരങ്കി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

ഷൈജ ആണ്ടവനെതിരെ നടപടി ഉണ്ടാവുന്നത് വരെ ഡി.വൈ.എഫ്.ഐ പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.

എന്‍.ഐ.ടി ക്യാമ്പസിനകത്ത് അയോധ്യ സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്നും സംഘവരിവാറിന്റെ ഏജന്‍സി പണി എടുക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ക്യാമ്പസില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും വി. വസീഫ് പറഞ്ഞു. ഡി.വൈ.എഫ്.ഐ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വസീഫ്.

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട അധ്യാപിക ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ എന്‍.ഐ.ടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്. നേരത്തെ എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും എന്‍.ഐ.ടിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഷൈജ ആണ്ടവന്റെ വീടിനു മുമ്പില്‍ ഡി.വൈ.എഫ്. ഐ ഫ്‌ളക്‌സ് വെച്ച് പ്രതിഷേധിച്ചിരുന്നു. ഷൈജ താമസിക്കുന്ന ചാത്തമംഗലത്തെ വീടിനു മുന്‍പില്‍ ആണ് ”ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്സേയുടെതല്ല മാഡം” എന്ന ഫ്‌ളക്‌സ് സ്ഥാപിച്ചത്.

ഗാന്ധിജിയുടെ ചരമവാര്‍ഷിക ദിനമായ ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്‍ ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് കമന്റിട്ടത് ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’) എന്നായിരുന്നു കമന്റ്.

‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

Content Highlight: DYFI protest NIT Campus Kozhikode